കാബൂളിലെ എംബസി പൂട്ടരുതെന്ന് ഇന്ത്യയോട് താലിബാൻ ആവശ്യപ്പെട്ടു, സുരക്ഷയും ഉറപ്പുനല്‍കി

കാബുളിലെ ഇന്ത്യയുടെ എംബസി

ന്യൂദല്‍ഹി- കാബുളിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് നയന്ത്രകാര്യാലയം പൂട്ടരുതെന്ന് താലിബാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി റിപോര്‍ട്ട്. എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും എല്ലാ സുരക്ഷയും ഉറപ്പുനല്‍കുന്നുവെന്നും താലിബാന്റെ ഖത്തറിലെ രാഷ്ട്രീയകാര്യ ഓഫീസില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് സന്ദേശം ലഭിച്ചരുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. താലിബാന്‍ നേതാവ് അബ്ബാസ് സ്താനിക്‌സായിയുടെ ഓഫീസില്‍ നിന്നാണ് കാബൂള്‍, ദല്‍ഹി വഴി ഈ സന്ദേശം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിക്കുന്നതിനു മുമ്പായിരുന്നു ഇത്. ലഷ്‌കര്‍, ജയ്ഷ് പോലുള്ള ഭീകര സംഘടനകളുടെ ആക്രമണവും ഭയക്കേണ്ടതില്ലെന്ന് താലിബാന്‍ ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. 

എന്നാല്‍ അഫ്ഗാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എംബസി ഒഴിപ്പിച്ച് എല്ലാ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരേയും തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങളിലായി അംബാസഡര്‍ രുദ്രേന്ദ്ര ടാണ്ഠന്‍ ഉള്‍പ്പെടെ എല്ലാവരേയും ഇന്ത്യ മടക്കിക്കൊണ്ടുവന്നു. കാബൂളിലും മറ്റു അഫ്ഗാന്‍ നഗരങ്ങളിലുമായി ഏതാനും ഇന്ത്യക്കാര്‍ ഇപ്പോഴും ഉണ്ട്. ഒരു ഗുരുദ്വാരയില്‍ അഭയം തേടിയ ഇരുനൂറോളം സിക്, ഹിന്ദു വിശ്വാസികളും ഇവരില്‍ ഉള്‍പ്പെടും.
 

Latest News