ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ ഭരണം തിരിച്ചു പിടിച്ചെങ്കിലും താലിബാന് നേതൃത്വം നല്‍കുന്ന പരമോന്നത നേതാവ് ഹൈബതുല്ല അഖുന്ദ്സാദയെ കുറിച്ചുള്ള വിവിരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചും രഹസ്യാന്വേഷണ വിവരങ്ങള്‍ പഠിച്ചും അഖുന്ദ്സാദ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. കഴിഞ്ഞ ആറു മാസമായി അഖുന്ദ്സാദയെ താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ക്കു പോലും കാണാന്‍ കിട്ടിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ ഹൈബതുല്ല അഖുന്ദ്സാദ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാകാമെന്ന് സൂചനയുള്ളതായി മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഏറ്റവും ഒടുവില്‍ അഖുന്ദ്സാദയുടെ പരസ്യ പ്രസ്താവന പുറത്തു വന്നത് മേയില്‍ ഈദുല്‍ ഫിത്ർ ദിനത്തിലാണ്.
പാക്കിസ്ഥാന്‍ ഹൈബതുല്ലയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇന്ത്യന്‍ അധികൃതര്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. 2016 മേയിലാണ് അഖുന്ദ്സാദ താലിബാന്റെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടത്. മുന്‍ തലവന്‍ അഖ്തര്‍ മന്‍സൂര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷമായിരുന്നു ഇത്. പാക്കിസ്ഥാനില്‍ ചേര്‍ന്ന ഒരു യോഗത്തിലാണ് അഖുന്ദ്സാദയെ ഈ പദവിയിലേക്ക് ഉയര്‍ത്തിയതെന്ന് താലിബാന്‍ അന്ന് പുറത്തുവിട്ട ഒരു വിഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ഒരു സൈനികന്‍, സേനാധിപന്‍ എന്നതിലുപരി അഖുന്ദ്സാദയെ ഒരു ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതനായാണ് വിദേശ മാധ്യമങ്ങളെല്ലാം വിശേഷിപ്പിക്കുന്നത്. സംഘടനയുടെ മതപരമായ തീരുമാനങ്ങളും നിലപാടുകളും പറയുന്നത് അഖുന്ദ്സാദയാണ്. നിരോധിത ഭീകര സംഘടനയായ അല്‍ ഖാഇദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി 2016ല്‍ അഖുന്‍സാദയെ വിശേഷിപ്പിച്ചത് അമീറുന്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ നേതാവ്) എന്നായിരുന്നു.