ബെർലിൻ- ജർമൻ മാധ്യമ പ്രവർത്തകനെ അന്വേഷിച്ച് വീട്ടിലെത്തിയ താലിബാൻ സംഘം മാധ്യമപ്രവർത്തകന്റെ ബന്ധുവിനെ വധിച്ചു. ദൂഷെ വെല്ലെയിലെ (ഡിഡബ്ല്യു) മാധ്യമപ്രവർത്തകന്റെ ബന്ധുവാണ് കൊല്ലപ്പെട്ടതെന്ന് ജർമൻ പബ്ലിക് ബ്രോഡ്കാസ്റ്റർ പറഞ്ഞു. മാധ്യമപ്രവർത്തകനു വേണ്ടി വീടുകൾതോറും കയറിയിറങ്ങി താലിബാൻ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബന്ധുവിനെ വധിച്ചത്. കൂടെയുണ്ടായിരുന്നവർക്ക് മാരകമായി പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു.
ഡിഡബ്ല്യു ഡയറക്ടർ ജനറൽ പീറ്റർ ലിംബോർഗ് സംഭവത്തെ അപലപിച്ചു. മാധ്യമപ്രവർത്തകരോടും കുടുംബത്തോടും താലിബാൻ നടത്തുന്ന ഭീകരതയാണ് സംഭവം വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ എഡിറ്റർമാരിൽ ഒരാളുടെ ബന്ധുവിനെ കഴിഞ്ഞ ദിവസം വധിച്ചു. ജീവനക്കാരും കുടുംബവും വൻ അപകടത്തിലാണ്.
ഡിഡബ്ല്യുവിന്റെ പല മാധ്യമ പ്രവർത്തകരുടെയും വീടുകളിൽ താലിബാൻ പരിശോധന നടത്തി. അടിയന്തര സഹായം തേടി ജർമൻ സർക്കാരിനെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.