ദുബായ്- നാലര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി വീട്ടിലെത്തും മുമ്പേ മരിച്ചു. തിരുവല്ല കാവുങ്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് മത്തായി (കൊച്ചുകുഞ്ഞ്- 67)യാണ് മരിച്ചത്. വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുൻപേയാണു മരണം. പരുമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം എടത്വയിലെ ബന്ധുവീട്ടിൽ ഉച്ചയോടെ എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായിൽ പ്രവർത്തിച്ചിരുന്നത്. സംസ്‌കാരം നാളെ മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷിജോ (സിഗ്‌ന ഇൻഷുറൻസ്, ദുബായ്), ഷീന (ഷാർജ സർക്കാർ സർവീസ്).






