Sorry, you need to enable JavaScript to visit this website.

ലോയ കേസ്: സുപ്രീം കോടതിയില്‍ വാഗ്വാദം; അമിത് ഷായെ അധിക്ഷേപിക്കരുതെന്ന് കോടതി

ന്യൂദല്‍ഹി- ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന എല്ലാ ഹരജികളും സുപ്രീം കോടതി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ബോംബെ ഹൈക്കോടതിയിലെ രണ്ടു ഹരജികളും സുപ്രീം കോടതി ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്. വിഷയം സുപ്രീം കോടതി ഏറ്റെടുത്തതിനാല്‍ ലോയയുടെ മരണം സംബന്ധിച്ച ഹരജികള്‍ സ്വീകരിക്കുന്നതില്‍നിന്ന് എല്ലാ ഹൈക്കോടതികളേയും തടയുകയും ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയില്‍ പ്രതിസന്ധിയുണ്ടാക്കിയ ലോയയുടെ കേസ് പരിഗണിക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷകര്‍ തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നു. കേസില്‍ അമിത് ഷായെ രക്ഷിക്കാനാണ് എല്ലാ നീക്കങ്ങളും നടന്നിട്ടുള്ളതെന്ന് അഭിഭാഷകരുടെ സംഘടനയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. ലോയയോടൊപ്പം നാഗ്പൂരില്‍ വിവാഹ വിരുന്നില്‍ പങ്കെടുത്ത നാലു ജഡ്ജിമാരുടെ മൊഴികളും ഈ റിപ്പോര്‍ട്ടിലുണ്ടെന്ന് സാല്‍വെ വ്യക്തമാക്കി.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്കു വേണ്ടി ഹാജരായ ആളാണ് ഹരീഷ് സാല്‍വെ എന്നും ഈ കേസില്‍ അദ്ദേഹത്തെ ഹാജരാകാന്‍ അനുവദിക്കരുതെന്നും ദവെ ആവശ്യപ്പെട്ടു. ഇതോടെ ബെഞ്ച് ഇടപെടുകയും കോടതിയില്‍ ഹാജരില്ലാത്ത വ്യക്തിയെ അധിക്ഷേപിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

 

Latest News