കൊച്ചി- നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കര്‍ശന നിര്‍ദ്ദേശം. ഡിസിപി ഐശ്വര്യ ദോഗ്രെയാണ് വിവാദ നിര്‍ദ്ദേശം നല്‍കിയത്.ഡിസിപിയുടെ പേരില്‍ കണ്ട്രോള് റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചു. വയര്‍ലസ് സന്ദേശത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. പെറ്റി കേസുകള്‍ എടുക്കുന്നതില്‍ പല സ്റ്റേഷനുകളും പിന്നിലാണെന്നാണ് ഡിസിപിയുടെ വിമര്‍ശനം. പോലീസ് പരിശോധന അതിരുകടക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കേസുകള്‍ കൂട്ടാനുള്ള ഡിസിപിയുടെ താക്കീത്.പെറ്റി കേസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഒരോ സ്റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശവും നിലവിലുണ്ടെന്ന് പോലീസുകാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കളമശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനില്‍ 'അക്ഷയപാത്രം' എന്ന പേരില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്ത് നേരത്തെ ഡി.സി.പി വിവാദത്തിലായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാണിച്ചായിരുന്നു സിപിഒ പി.എസ്.രഘുവിനെതിരേ ഡിസിപി ഐശ്വര്യ ഡോങ്രയുടെ വിവാദ നടപടി. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനായിരുന്നു പി.എസ്.രഘു. മുന്‍പും ഐശ്വര്യ ഡോങ്റെ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. മഫ്തിയില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ഡിസിപിയെ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ നടപടി എടുത്തിരുന്നു. ഈ വിഷയത്തില്‍ ഡിസിപിയെ കമ്മീഷണര്‍ താക്കിത് ചെയ്തിരുന്നു. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത ഡിസിപി മഫ്തി വേഷത്തില്‍ മാസ്ക് ധരിച്ചെത്തിയതോടെയാണ് പാറാവുനിന്ന ഉദ്യോഗസ്ഥ തടഞ്ഞത്. കോവിഡ്-19 നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ സ്റ്റേഷനില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് അകത്തേക്ക് കടത്തിവിടാതെ തടഞ്ഞത്.