Sorry, you need to enable JavaScript to visit this website.

പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റു;  വീണ്ടും പരീക്ഷയെഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി

ചണ്ഡീഗഡ്- പത്താം ക്ലാസ് പരീക്ഷയിലെ തോറ്റ വിഷയമായ ഇംഗ്ലീഷ് വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. ഹരിയാനയിലെ സിര്‍സയിലുള്ള ആര്യ കന്യ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ അദ്ദേഹം പങ്കെടുത്തു. പരീക്ഷ എഴുതാന്‍ എത്തിയ മുന്‍ മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ വളഞ്ഞെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ബുധനാഴ്ചയാണ് എണ്‍പത്തിയാറുകാരനായ ചൗട്ടാല പരീക്ഷയെഴുതിയത്. രണ്ട് മണിക്കൂര്‍ നേരം അദ്ദേഹം പരീക്ഷാ ഹാളില്‍ തുടരുകയും ചെയ്തു. ഈ വര്‍ഷം ആദ്യം ഹരിയാന ഓപ്പണ്‍ ബോര്‍ഡിന് കീഴില്‍ പ്ലസ് ടു പരീക്ഷ അദ്ദേഹം എഴുതിയിരുന്നു. പത്താം ക്ലാസ് പരീക്ഷയിലെ ഇംഗ്ലീഷ് വിഷയത്തില്‍ പരാജയപ്പെട്ടതിനാല്‍ ഓപ്പണ്‍ ബോര്‍ഡിന് കീഴില്‍ പ്ലസ് ടു പരീക്ഷയുടെ ഫലം തടഞ്ഞു വെക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ മുന്‍ മുഖ്യമന്ത്രി എത്തിയത്.
ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ പരീക്ഷയെഴുതാന്‍ മറ്റൊരാളുടെ സഹായം ആവശ്യമാണെന്ന് ചൗട്ടാല ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെയാണ് പരീക്ഷ എഴുതാനുള്ള സാഹചര്യമുണ്ടായത്. ഒരു വിദ്യാര്‍ഥിയായിട്ടാണ് പരീക്ഷ എഴുതാന്‍ എത്തിയതെന്നും അതിനാല്‍ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറയുകയും ചെയ്തു.
ജെ.ബി.ടി റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെ 2017ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ ചൗട്ടാല പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 53.4 ശതമാനം മാര്‍ക്കോടെ പരീക്ഷയില്‍ വിജയിച്ചെങ്കിലും ഇംഗ്ലീഷ് വിഷയത്തില്‍ പരാജയപ്പെട്ടു. ഇതോടെയാണ് വീണ്ടും പരീക്ഷയെഴുതാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

Latest News