Sorry, you need to enable JavaScript to visit this website.

മലയാളി യുവാവിന്റെ ദുരഭിമാനക്കൊല: അമ്മയുടെ ജാമ്യം  റദ്ദാക്കണമെന്ന ആവശ്യവുമായി മകള്‍ സുപ്രീംകോടതിയില്‍

ന്യൂദല്‍ഹി-  രാജസ്ഥാനില്‍ മലയാളി യുവാവിന്റെ ദുരഭിമാനക്കൊല കേസില്‍ തന്റെ അമ്മയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഭാര്യ സുപ്രീംകോടതിയില്‍. കൊല്ലപ്പെട്ട അമിത് നായരുടെ ഭാര്യ മമതയാണ് തന്റെ അമ്മയ്ക്ക് രാജസ്ഥാന്‍ ഹൈക്കോടതി നല്‍കിയ ജാമ്യം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജാതി മാറി വിവാഹം ചെയ്ത പത്തനംതിട്ട സ്വദേശി അമിത് നായരെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. മമതയുടെ ഹര്‍ജിയില്‍ ഇവരുടെ സഹോദരന്‍ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.
മമത ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. അമ്മക്കും കൊലയില്‍ പങ്കുണ്ടെന്ന് മമത ബോധിപ്പിച്ചു. ജയ്പൂര്‍ സ്വദേശിയായ മുകേഷ് ചൗധരിയുടെ സുഹൃത്തായ അമിത് നായര്‍ അദ്ദേഹത്തിന്റെ സഹോദരി മമതയെ 2015 ഓഗസ്റ്റിലാണ് വിവാഹം ചെയ്തത്. അന്യജാതിക്കാരനെ വിവാഹംചെയ്തതിനെ തുടര്‍ന്ന് മമതയുടെ അമ്മ ഭഗ്വാനി ദേവിയും പിതാവ് ജീവന്‍ റാം ചൗധരിയും മുകേഷ് ചൗധരിയും ഗൂഢാലോചന നടത്തി 2017 മേയില്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഇത് സാധാരണ കേസല്ലെന്നും ദുരഭിമാനക്കൊലയാണെന്നും മമതക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ് വാദിച്ചു.
2017 മെയ് 17നാണ് അമിത് നായര്‍ ജയ്പുരിലെ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. ആറുമാസം ഗര്‍ഭിണിയായിരുന്ന മമതയുടെ മുന്നില്‍വെച്ചായിരുന്നു കൊലപാതകം. വ്യത്യസ്ത ജാതിയില്‍പ്പെട്ട അമിതുമായുള്ള ദാമ്പത്യത്തെ മമതയുടെ വീട്ടുകാര്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. സംഭവദിവസം മമതയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി മാതാപിതാക്കളായ ജീവന്‍ റാം ചൗധരിയും ഭാഗ്വാനി ദേവിയും അമിത്തിന്റെ വീട്ടിലെത്തി. ഇവര്‍ മമതയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കൊപ്പമെത്തിയ വാടകകൊലയാളിയാണ് അമിത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
അമിത്തിന്റെ കൊലപാതകം തന്റെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നായിരുന്നു മമതയുടെ പരാതി. ഇവരെ പ്രതികളാക്കി പോാലീസ് എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. 2020 ഡിസംബറില്‍ രാജസ്ഥാന്‍ ഹൈക്കോടതി മുകേഷിന് ജാമ്യം അനുവദിച്ചു. ഇതോടെയാണ് ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് മമത നായര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം സഹോദരന്‍ തന്നെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായി മമത ആരോപിച്ചിരുന്നു. ബന്ധുക്കള്‍ മുഖേനയും പ്രതി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും ഇവര്‍ പറഞ്ഞിരുന്നു. പിന്നാലെ സുപ്രീംകോടതി മുകേഷ് ചൗധരിയുടെ ജാമ്യം റദ്ദാക്കി.
സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ അമിത് നായര്‍ രാജസ്ഥാനില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തിവരികയായിരുന്നു. മമത നിയമബിരുദധാരിയുമാണ്. 2011 ലാണ് മമതയും അമിത്തും വിവാഹിതരായത്. ഈ സമയത്ത് അമിത്തിന്റെ ജാതിസംബന്ധിച്ച് മമതയുടെ മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമത ഇക്കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഇതോടെ മമതയുടെ കുടുംബത്തിന് അമിത്തിനോട് പക തുടങ്ങുകയായിരുന്നു.
വ്യത്യസ്തജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിനാല്‍ മകള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ലെന്നും മകളുമായി കൂടുതല്‍ ബന്ധമില്ലെന്നും മാതാപിതാക്കള്‍ പ്രഖ്യാപിച്ചു. 2015ല്‍ അമിത്തും മമതയും കേരളീയ ആചാരപ്രകാരം വീണ്ടും വിവാഹിതരായി. എന്നാല്‍ ഇതിനുശേഷവും മമതയുടെ കുടുംബം ദമ്പതിമാരെ ഭീഷണിപ്പെടുത്തുന്നത് തുടരുകയായിരുന്നു. ഒരിക്കല്‍ മാതാപിതാക്കളുടെ ഭീഷണികാരണം മമത പോലീസില്‍ നല്‍കിയിരുന്നെങ്കിലും ഇവര്‍ ക്ഷമചോദിച്ചതിനാല്‍ പരാതി പിന്‍വലിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് 2017ല്‍ അമിത്തിന്റെ കൊലപാതകത്തില്‍ കലാശിച്ച സംഭവമുണ്ടായത്.

Latest News