ന്യൂദൽഹി- വർഷങ്ങളുടെ രക്തച്ചൊരിച്ചിൽ അവസാനിച്ച് സമാധാനം പുലരാനും ജനങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കാനും അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തത് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി. സാമ്രാജ്യത്വ, അധിനിവേശ ശക്തികൾ അഫ്ഗാൻ അനുഭവത്തിൽനിന്നും പാഠം പഠിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ സയ്യിദ് സാദത്തുള്ള ഹുസൈനി അഭിപ്രായപ്പെട്ടു. അഫ്ഗാനികളുടെ സ്വാതന്ത്ര്യവാജ്ഞയും പോരാട്ടവുമാണ് അമേരിക്കൻ സേന പിന്മാറാൻ കാരണമെന്നും രക്തച്ചൊരിച്ചിലില്ലാതെ അധികാരക്കൈമാറ്റം സാധ്യമായതിൽ ആഹ്‌ളാദവും സംതൃപ്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരുണാർദ്രമായ ഇസ്‌ലാമിന്റെ മുഖം ലോകത്തിന് മുൻപിൽ കാണിച്ചുകൊടുക്കാനുള്ള സുവർണാവസരമാണ് താലിബാന് ലഭിച്ചിരിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങൾ മുറുകെപ്പിടിച്ച് ലോകത്തിനുമുന്നിൽ ഒരു ക്ഷേമരാഷ്ട മാതൃക കാഴ്ചവെക്കാൻ താലിബാന് സാധ്യമാകുമെന്നാണ് ജമാഅത്തെ ഇസ്ലാമി പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു.
ഇരുപത് വർഷം മുൻപ് സാമ്രാജ്യത്വ ശക്തികൾ അഫ്ഗാനിലെ ഗവണ്മെന്റിനെ സൈനീക നീക്കത്തിലൂടെ പുറത്താക്കിയയതും തുടർന്ന് നിരപരാധികൾക്കുമേലുണ്ടായ ആക്രമണങ്ങളും വൈദേശിക ശക്തികളുടെ താത്പര്യങ്ങൾ അഫ്ഗാൻ ജനതക്കുമേൽ അടിച്ചേൽപ്പിച്ചതും സമീപകാല ചരിത്രത്തിലെ നിന്ദ്യമായ അദ്ധ്യായങ്ങളാണ്.
അഫ്ഗാൻ ജനതയുടെ അക്ഷീണ പരിശ്രമവും പോരാട്ടവും സാമ്രാജ്യത്ത ശക്തികളുടെ പിൻവാങ്ങലിലേക്ക് നയിച്ചു എന്നത് ചാരിതാർഥ്യജനകമാണ്. സാമ്രാജ്യത്വ ശക്തികൾ അഫ്ഗാനിൽ നിന്നും പാഠം ഉൾക്കൊള്ളുകയും തങ്ങളുടെ താല്പര്യങ്ങൾ നേടിയെടുക്കാൻ ദരിദ്ര രാജ്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്ന നയം ഇനിമേൽ കയ്യൊഴിയണം.
ജനകീയ തെരഞ്ഞെടുപ്പിലൂടെയും കൂടിയാലോചനാ സംവിധാനങ്ങളിലൂടെയും അഫ്ഗാനിൽ പുതിയ ഭരണകൂടം നിലവിൽ വരണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നത്. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപെടുന്നു.