കോഴിക്കോട്- പാലും മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ക്കും പുറമെ വൈവിധ്യമാര്‍ന്ന ഇതര ഉത്പ്പന്നങ്ങള്‍ കൂടി മില്‍മ പുറത്തിറക്കുകയാണെന്ന് മില്‍മ ഫെഡറേഷന് ചെയര്മാന് കെ.എസ് മണി. അഞ്ചു മിനിട്ടുകൊണ്ട് തയ്യാറാക്കാവുന്ന റെഡി ടു കുക്ക് വെജിറ്റബിള്‍ ബിരിയാണി, രസപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി, , കാപ്പിപ്പൊടി, ചുക്കു കാപ്പി എന്നിവയയാണ് ഏറ്റവും ഒടുവില്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്മെന്റ് ഫൗണ്ടേഷന് പുറത്തിറക്കിയ ഉത്പ്പന്നങ്ങള്‍. മലബാര്‍ മില്‍മയ്ക്ക് നിലവില്‍ 46ല്‍ അധികം പാല് ഇതര ഉത്പ്പന്നങ്ങള്‍ ഉണ്ട്. പാലിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടിയ വില നല്‍കിയാണ് മില്‍മ സംഭരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമം മുന്‍ നിര്‍ത്തിയാണ് ഇത്തരം നടപടി. അതുകൊണ്ടു തന്നെ പാലും പാല് ഉത്പ്പന്നങ്ങളും മാത്രം വിറ്റാല്‍ പോരെന്ന തിരിച്ചറിവിലാണ് മില്‍മ. ഇതര ഉത്പ്പനങ്ങള്‍ കൂടി വിപണിയിലിറക്കി കൂടുതല്‍ ലാഭം ഉണ്ടാക്കി പാവപ്പെട്ട ക്ഷീര കര്‍ഷര്‍ക്ക് വീതിച്ചു നല്‍കാനുള്ള ശ്രമമാണ് മില്‍മ നടത്തുന്നതെന്ന് ചെയര്മാന് പറഞ്ഞു. കോവിഡ് മഹാമാരിയില്‍ സമസ്തമേഖലകളും പ്രതിസന്ധി നേരിട്ടപ്പോള്‍ ക്ഷീരോത്പാദന മേഖലയെ താങ്ങി നിര്‍ത്താനും ക്ഷീര കര്‍ഷകരെ സംരക്ഷിക്കാനും മില്‍മക്കായി. പ്രതിദിനം ആറ് കോടി രൂപയാണ് മില്‍മ പാല്‍വിലയായി കര്‍ഷകരിലേക്കെത്തിക്കുന്നത്.