ന്യൂദല്‍ഹി- ദല്‍ഹി സര്‍വകലാശാലക്കു കീഴിലെ 63 കോളേജുകളില്‍ ക്ലാസെടുക്കാതെ സമരം ചെയ്ത് അധ്യാപകര്‍. സര്‍വകലാശാലക്കുകീഴിലെ 12 കോളേജുകളിലെ അധ്യാപകരുടെ ശമ്പളം മൂന്നുമാസമായി നല്‍കിയില്ലെന്നാരോപിച്ചാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്. ദല്‍ഹി സര്‍ക്കാര്‍ നേരിട്ട് ഫണ്ട് നല്‍കുന്ന കോളേജുകളാണിത്. അധ്യാപകരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് പ്രതിഷേധസമരം നടന്നത്.
12 കോളേജുകള്‍ക്ക് തുച്ഛമായ സഹായധനമാണ് ദല്‍ഹി സര്‍ക്കാര്‍ നല്‍കുന്നതെന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (ഡി.യു.ടി.എ.) ട്രഷറര്‍ അബ്ബാ ദേവ് ഹബീബ് പറഞ്ഞു. 12 കോളേജുകള്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ മതിയായ സഹായധനം ഉറപ്പുവരുത്തണമെന്നും അധ്യാപകരുടെ മുടങ്ങിയ ശമ്പളം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒരു വശത്ത് 12 കോളേജുകളിലെ പതിനായിരത്തോളം ജീവനക്കാര്‍ കോവിഡ്-19-ന്റെ വ്യാപനത്തില്‍ വലയുമ്പോള്‍ മറുവശത്ത് മാസങ്ങളായി അവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് അബ്ബ ആരോപിച്ചു.
63 കോളേജുകളിലും ബുധനാഴ്ച ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒന്നും നടന്നില്ലെന്ന് ഡി.യു.ടി.എ. അറിയിച്ചു. സഹായധനം നല്‍കാത്തതിനാല്‍ സര്‍വകലാശാലക്കു കീഴിലെ ഗസ്റ്റ്, അനധ്യാപക, കരാര്‍ തൊഴിലാളികള്‍ സാമ്പത്തിക ക്ലേശത്തിലാണെന്ന് അവര്‍ പറഞ്ഞു.