ഇടുക്കി-വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭയിലെ റവന്യു ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. റവന്യു ഇന്‍സ്‌പെക്ടര്‍ ഷിജു എ. അസീസാണ് പിടിയിലായത്.
വെട്ടിക്കവല സ്വദേശി ജോഷി വള്ളിയാംതടത്തിലിന്റെ പക്കല്‍നിന്ന് 13,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. പരാതിക്കാരന്റെ അമ്മയുടെ പേരിലേക്ക് മറ്റൊരാളില്‍നിന്നും വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് കട്ടപ്പന മുനിസിപ്പല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഫെബ്രുവരിയിലായിരുന്നു അപേക്ഷ നല്‍കിയത്. അന്നുണ്ടായിരുന്ന റവന്യു ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറിയതോടെയാണ് ഷിജു അസീസ് ചാര്‍ജെടുത്തത്.
ഇതിനു പിന്നാലെ സ്ഥലം സന്ദര്‍ശിച്ച ഷിജു ഫയല്‍ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്നും തനിക്ക് ഇരുപതിനായിരം രൂപ നല്‍കിയാല്‍ നടപടികള്‍ വേഗത്തിലാക്കി നല്‍കാമെന്നും സ്ഥലമുടമയെ അറിയിച്ചു. തന്റെ കൈയില്‍ അത്രയും പണമില്ലെന്ന് പരാതിക്കാരന്‍ ഷിജുവിനോട് പറഞ്ഞെങ്കിലും നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തുടര്‍ന്ന് 13000 രൂപ നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു.
കൈക്കൂലി വാങ്ങുന്നതിനിടെ പുറത്തു കാത്തുനിന്ന വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കോട്ടയം വിജിലന്‍സ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍. രവികുമാര്‍, സിഐമാരായ ടിപ്‌സണ്‍ തോമസ് മേക്കാടന്‍, ടി. ബിജു, വിനേഷ്‌കുമാര്‍, റെജി എം. കുന്നിപ്പറമ്പന്‍, എസ്.ഐമാരായ കെ.എന്‍. ഷാജി, സന്തോഷ്, ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. രണ്ടാഴ്ച മുമ്പാണ് ഷിജു അസീസ് കട്ടപ്പന റവന്യൂ ഇന്‍സ്പെക്ടറായി ചുമതലയേറ്റത്.