താലിബാന്‍ അനുകൂല പരാമര്‍ശം: സമാജ്‌വാദി പാർട്ടി എംപിക്കെതിരെ രാജ്യദ്രോഹക്കേസ്

ലഖ്‌നൗ- അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ അനൂകൂലിച്ച സംസാരിച്ചതിന് ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖുര്‍റഹ്‌മാന്‍ ബര്‍ഖിനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. താലിബാന്റെ നടത്തിയ യുദ്ധത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടവുമായി ബര്‍ഖ് താരതമ്യം ചെയ്‌തെന്നും പോലീസ് പറഞ്ഞു. ബിജെപി നേതാവ് രാജേഷ് സിംഘാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. താലിബാന്‍ ആഗ്രഹിച്ചത് അവരുടെ രാജ്യം സ്വതന്ത്ര്യമാക്കാനാണ് അത് അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യമാണ്- എന്നായിരുന്നു തിങ്കളാഴ്ച ബര്‍ഖ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്. അഫ്ഗാനില്‍ യുഎസിനേയും റഷ്യയേയും നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്ന ശക്തികളാണ് താലിബാനെന്നും ഇപ്പോള്‍ അവരുടെ ഇഷ്ടപ്രകാരം രാജ്യം ഭരിക്കാനാണ് അവരുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നപ്പോഴും രാജ്യം ഒന്നടങ്കം സ്വാതന്ത്ര്യത്തിനായി പൊരുതിയിരുന്നു. അവരും സ്വാന്ത്ര്യം ആഗ്രഹിച്ചു. അത് അവരുടെ വ്യക്തിപരമായ കാര്യം. അതില്‍ നമുക്ക് എങ്ങനെ ഇടപെടാനാകും? എന്നായിരുന്നു ബര്‍ഖിന്റെ പ്രതികരണം. 

എന്നാല്‍ തന്റെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ഉണ്ടായതെന്നും താലിബാനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളുമായി താരതമ്യം ചെയ്തിട്ടില്ലെന്നും ബര്‍ഖ് പറഞ്ഞു. ഞാന്‍ ഒരു ഇന്ത്യന്‍ പൗരനാണ്, അഫ്ഗാനിയല്ല. അവിടെ സംഭവിക്കുന്നതുമായി എനിക്കൊരു ബന്ധവുമല്ല. ഞാന്‍ പിന്തുണയ്ക്കുന്ന എന്റെ സര്‍ക്കാര്‍ നയങ്ങളേയാണ്- ബര്‍ഖ് വ്യക്തമാക്കി. 

ബര്‍ഖിനെ കുടാതെ സമാന കുറ്റം ആരോപിച്ച് മുഹമ്മദ് മുഖീം, ചൗധരി ഫൈസാന്‍ എന്നിവര്‍ക്കെതിരേയും പോലീസ് രാജ്യദ്രോഹക്കേസ് എടുത്തിട്ടുണ്ട്. ഇത് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News