കാബൂള്‍- കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിയ നയതന്ത്രപ്രതിനിധികളടക്കമുള്ള ഇന്ത്യക്കാരെ വ്യോമസേന വിമാനത്തില്‍ രക്ഷപ്പെടുത്തി കൊണ്ടുവന്നത് താലിബാന്റെ സഹായത്തോടെ. എംബസിയില്‍നിന്ന് എയര്‍പോര്‍ട്ട് വരെയുള്ള അഞ്ച്കിലോമീറ്റര്‍ ദൂരം താലിബാന്‍ പോരാളികളുടെ അകമ്പടിയോടെയാണ് ഇന്ത്യന്‍ സംഘം സഞ്ചരിച്ചതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
കാബൂള്‍ വീണയുടന്‍ തന്നെ ഇന്ത്യക്കാര്‍ മടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര അപകടകരമാണെന്ന് മനസ്സിലായി. ഇതോടെയാണ് താലിബാന്റെ സഹായം തേടാന്‍ തയാറായത്. ആദ്യ രണ്ടുതവണ ശ്രമം പരാജയപ്പെട്ടു. രാത്രിയോടെയാണ് താലിബാന്‍ അകമ്പടിക്കായെത്തിയത്. ഏതാനും കാറുകളിലായി ഇന്ത്യന്‍ സംഘം എംബസിക്ക് പുറത്തിറങ്ങി. മുന്നിലും പിന്നിലും താലിബാന്‍ സംരക്ഷണം. റോഡില്‍ ആകെ പ്രശ്‌നമായിരുന്നു. പലേടത്തും വലിയ ജനക്കൂട്ടം. താലിബാന്‍ പോരാളികള്‍ പുറത്തിറങ്ങി ജനത്തെ മാറ്റിയാണ് വാഹനങ്ങള്‍ക്ക് വഴിയൊരുക്കിയത്. അഞ്ചുമണിക്കൂര്‍ കൊണ്ടാണ് അഞ്ചുകിലോമീറ്റര്‍ പിന്നിട്ട് എയര്‍പോര്‍ട്ടിലെത്തിയത്. അവിടെ അമേരിക്കന്‍ സൈനികര്‍ സംരക്ഷണം ഏറ്റെടുത്തതോടെ താലിബാനികള്‍ മടങ്ങിപ്പോയി.
പിന്നീട് രണ്ടുമണിക്കൂര്‍കൂടി കാത്തിരുന്ന ശേഷമാണ് വ്യോമസേനയുടെ c 17 വിമാനത്തില്‍ ഇവര്‍ ഇന്ത്യയിലേക്ക് തിരിച്ചത്. ഗുജറാത്തിലെ വ്യോമതാവളത്തിലാണ്് ഇറങ്ങിയത്. പാക് വ്യോമപാത ഒഴിവാക്കി ഇറാന്‍ വഴിയാണ് ഇന്ത്യന്‍ വിമാനം യാത്ര ചെയ്തത്.
നേരത്തെ താലിബാന്‍ തന്റെ ഓഫീസില്‍ വന്നിരുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൗമ്യമായാണ് പെരുമാറിയത്. എന്നാല്‍ തിരിച്ചുപോകുമ്പോള്‍ രണ്ട് വാഹനങ്ങള്‍ അവര്‍ കൊണ്ടുപോയി- അദ്ദേഹം പറഞ്ഞു.