മാനന്തവാടി-കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും എംപിയുമായ രാഹുല്‍ഗാന്ധിയുടെ വയനാടന്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ കാത്ത് ഒരു പ്രധാന ആതിഥേയ ഉണ്ടായിരുന്നു. രാജമ്മ വാവതില്‍. 1970 ജൂണ്‍ 19 ന് രാഹുല്‍ ജനിച്ചു വീഴുമ്പോള്‍ പ്രധാന ശുശ്രൂഷകയായത് ഈ മലയാളി നഴ്സായിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയെ കാണാന്‍ രാജമ്മ എത്തിയിട്ടുണ്ടായിരുന്നു. തന്നെ തടഞ്ഞ രാഹുലിന്റെ സ്റ്റാഫുകളോട് നിങ്ങളെക്കാള്‍ മുമ്പേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നായിരുന്നു രാജമ്മയുടെ പ്രതികരണം. രാഹുലിന് അവര്‍ ഒരു പായ്ക്കറ്റ് മധുരം നല്‍കുകയും താന്‍ കാരണം ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നായിരുന്നു നേതാവിന്റെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് തങ്ങളുടെ ട്വിറ്ററിലെയും ഇന്‍സ്റ്റഗ്രാമിലെയും പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
'രാജമ്മ അമ്മയില്‍ നിന്നും രാഹുലിന് നിറഞ്ഞ സ്നേഹവും വാത്സല്യവും. രാഹുല്‍ഗാന്ധി ജനിച്ചപ്പോള്‍ ഡല്‍ഹിയിലെ ഹോളിഫാമിലി ആശുപത്രിയില്‍ ഇവരായിരുന്നു നഴ്സ്'- കോണ്‍ഗ്രസിന്റെ ട്വീറ്റില്‍ പറയുന്നു.
'നിങ്ങള്‍ക്ക് മധുരം നല്കാന് എനിക്ക് ആരുടേയും അനുമതി വേണ്ട. ഇത് എന്റെ വീടാണ്. എനിക്ക് നിങ്ങളുമായി കൂടിക്കാഴ്ച നടത്താം. അയാള്‍ എന്റെ മകനാണെന്ന് ഞാന്‍ നിങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് പറയും.' വീഡിയോ ക്ലിപ്പില്‍ അവര്‍ പറയുന്നു. രണ്ടുദിന സന്ദര്‍ശനത്തിനായിട്ടായിരുന്നു രാഹുല്‍ കേരളത്തില്‍ എത്തിയത്.