കാബൂള്‍- അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളും താലിബാനെതിരെ ആയുധമേന്തി പൊരുതുകയും ചെയ്ത സാലിമ മസാരിയെ താലിബാന്‍ പിടികൂടിയതായി റിപോര്‍ട്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. താലിബാന്‍ നടത്തിയ മിന്നല്‍ യുദ്ധത്തില്‍ നിരവധി അഫ്ഗാനി രാഷ്ട്രീയ നേതാക്കള്‍ രക്ഷതേടി നാടുവിട്ടപ്പോള്‍ സാലിമ സ്വദേശമായ ബല്‍ഖ് പ്രവിശ്യയില്‍ തന്നെ തുടരുകയായിരുന്നു. ഇവരുടെ ജില്ലയായ ഛഹര്‍ കിന്ത് താലിബാന്‍ പിടിച്ചടക്കിയതിനു ശേഷം സാലിമയെ പിടികൂടിയെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഫ്ഗാനിലെ മിക്ക പ്രവിശ്യകളും ജില്ലകളും പ്രതിരോധമില്ലാതെ താലിബാനു കീഴടങ്ങിയപ്പോള്‍ തന്റെ നാടായ ഛഹര്‍ കിന്ത് സംരക്ഷിക്കാന്‍ സാലിമയുടെ നേതൃത്വത്തില്‍ താലിബാനെതിരെ പോരാട്ടം നടത്തിയിരുന്നു. ഈ മേഖലയില്‍ താലിബാനോട് ഏറെ ഏറ്റുമുട്ടി നിന്ന ജില്ലകൂടിയാണ് ഛഹര്‍ കിന്ദ്. വനിതാ പോരാളിയുടെ നേതൃത്വത്തില്‍ താലിബാനോട് ഏറ്റുമുട്ടിയ ഏക പ്രദേശവും ഛഹര്‍ കിന്ദാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.