ബാങ്കോക്ക്- കമ്പോഡിയ രാജ്യത്തിന്റെ തലസ്ഥാനമായ നോം പെന്നിലെ കോടീശ്വരന്മാര്‍ താമസിക്കുന്ന തെരുവില്‍ കഴിഞ്ഞ ദിവസം പ്രഭാത നടത്തിനിറങ്ങിയ പലരും ഞെട്ടിക്കാണും. ചിലര്‍ പേടിച്ച് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ തിരിഞ്ഞ് ഓടിയിട്ടുമുണ്ടാകും. കാരണം തെരുവില്‍ അവര്‍ക്ക് മുന്‍പിലെത്തിയത് സാക്ഷാല്‍ സിംഹം.
മാധ്യമപ്രവര്‍ത്തകനായ ആന്‍ഡ്രൂ മാക്ഗ്രിഗോര്‍ മാര്‍ഷല്‍ ആണ് ട്വീറ്റുകളിലൂടെ സിനിമ സീന്‍ പോലെ തോന്നിപ്പിക്കുന്ന ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നോം പെന്നിലെ തെരുവില്‍ അലക്ഷ്യമായി നടന്ന് നീങ്ങുന്ന സിംഹം പേടിപ്പെടുത്തുന്നതാണെങ്കിലും വളരെ ശാന്തനായാണ് സിംഹത്തിന്റെ നടപ്പ്. അതിന് കാരണം നോം പെന്നില്‍ താമസിക്കുന്ന ചൈനീസ് വ്യവസായി ക്വി സിയാവോയുടെ വീട്ടില്‍ വളര്‍ത്തുന്ന സിംഹമാണ് തെരുവിലിറങ്ങിയത്. എങ്ങനെയാണ് സിംഹം ക്വി സിയാവോയുടെ വീടിന്റെ പുറത്തെത്തിയത് എന്ന് വ്യക്തമല്ല.
മാര്‍ഷല്‍ ട്വീറ്റ് ചെയ്തതനുസരിച്ച് സിംഹത്തിന്റെ ടിക് ടോക് വിഡിയോകള്‍ വൈറലായതോടെ കംബോഡിയന്‍ അധികാരികള്‍ ഈ സിംഹത്തെ മുന്‍പ് കണ്ടുകെട്ടിയതാണ്. 70 കിലോഗ്രാം സിംഹത്തെ ജൂണ്‍ 27ന് മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി. പക്ഷെ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിന്റെ നിര്‍ദേശപ്രകാരം അധികാരികള്‍ സിംഹത്തെ ക്വി സിയാവോയ്ക്ക് കൈമാറി. ഈ സിംഹമാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. അതെ സമയം സിംഹം ചെറുപ്പം മുതലേ ഇണക്കി വളര്‍ത്തിയതാണെന്നും നഖങ്ങള്‍ പിഴുതെടുത്തിട്ടുണ്ട് എന്നും മാര്‍ഷല്‍ തുടര്‍ ട്വീറ്റുകളില്‍ വ്യക്തമാക്കുന്നു. 'വിദേശത്തുനിന്ന് അനധികൃതമായി കൊണ്ടുവന്ന അപൂര്‍വയിനം സിംഹമാണത്. നിയമം അനുസരിച്ച്, കംബോഡിയയിലെ ജനങ്ങള്‍ക്ക് വന്യജീവികളെ വീട്ടില്‍ വളര്‍ത്താന്‍ അവകാശമില്ല, പ്രത്യേകിച്ച് അപൂര്‍വയിനം,' സിംഹത്തെ ആദ്യം പിടിച്ചെടുത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
അതെ സമയം വളര്‍ത്ത് സിംഹവുമായി വീണ്ടും ഒത്തുചേര്‍ന്ന ശേഷം, തന്റെ സിംഹത്തെ തിരികെ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ക്വി സിയാവോ ഗാഡിയനോട് പറഞ്ഞത്. 'എനിക്ക് വളരെ സന്തോഷം തോന്നുന്നു. അവനെ തിരികെ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല,' സിയാവോ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.