ന്യൂദൽഹി- കഴിഞ്ഞ ഒരു വർഷം ഇന്ത്യക്കാർ ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ സിംഹഭാഗവും കൈക്കലാക്കിയത് രാജ്യത്തെ അതിസമ്പന്നർ. സമ്പാദ്യത്തിന്റെ 73 ശതമാനവും എത്തിച്ചേർന്നത് അതിസമ്പന്നരിൽ സമ്പന്നരായ വെറും ഒരു ശതമാനത്തിന്റെ കയ്യിലാണെന്ന് സർവെ. ഏറെ ആശങ്കപ്പെടുത്തി വളർന്നു വരുന്ന വരുമാന അസമത്വം വെളിപ്പെടുത്തുന്നതാണ് ഈ കണക്ക്. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതി വരുന്ന ഏറ്റവും ദിരദ്രരായ 67 കോടി ഇന്ത്യക്കാരുടെ വരുമാനം ഒരു വർഷത്തിനിടെ വളർന്നത് വെറും ഒരു ശതമാനം മാത്രം! അന്താരാഷ്ട്ര പൗരാവകാശ സംഘടനയായ ഓക്‌സ്ഫാമിന്റേതാണ് ഈ കണക്കുകൾ.
ആഗോളതലത്തിൽ ഇതിലേറെ കഷ്ടമാണ് കാര്യങ്ങൾ. ലോകത്തൊട്ടാകെ സൃഷ്ടിക്കപ്പെട്ട സമ്പാദ്യത്തിന്റെ 82 ശതമാനവും എത്തിച്ചേർന്നത് അതിസമ്പന്നരായി ഒരു ശതമാനത്തിന്റെ കൈകളിലാണ്. ലോക ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന 3.7 ശതകോടി ദരിദ്ര ജനങ്ങളുടെ സമ്പാദ്യത്തിൽ ഒരു വർധനവും ഉണ്ടായതുമില്ല. ലോകത്തെ അതിസമ്പന്നരും പ്രബലരും പങ്കെടുക്കുന്ന വാർഷിക സാമ്പത്തിക സമ്മേളനമായ വേൾഡ് ഇക്കണൊമിക് ഫോറം ദാവോസിൽ തുടങ്ങാനിരിക്കെയാണ് ഈ സർവെ പുറത്തു വന്നിരിക്കുന്നത്.
വേൾഡ് ഇക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സർവെയാണ് ഓക്‌സ്ഫാമിന്റേത്. കഴിഞ്ഞ വർഷത്തെ സർവെയിൽ ഇന്ത്യയിലെ മൊത്തം സമ്പാദ്യത്തിന്റെ 58 ശതമാനവും കയ്യടക്കി വച്ചിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരാണെന്ന് കണ്ടെത്തിയിരുന്നു.
2017ൽ ഇന്ത്യയിലെ സമ്പന്നരുടെ സമ്പാദ്യത്തിലുണ്ടായ വളർച്ച 20.9 ലക്ഷം കോടി രൂപയിലേറെ വരും. 201718 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ബജറ്റിനു സമാനമാണ് ഈ തുക! ആഗോള സമ്പദ് വ്യവസ്ഥ ഏതെല്ലാം രീതിയിലാണ് അതിസമ്പന്നരെ പണം വാരിക്കൂട്ടൻ സഹായിക്കുന്നത് എന്ന് വരച്ചു കാട്ടുന്ന റിപ്പോർട്ടാണ് ഓക്‌സ്ഫാമിന്റെ റിവാർഡ് വർക്ക്, നോട്ട് വെൽത്ത് എന്ന സർവെ റിപ്പോർട്ട്.