തിരുവനന്തപുരം- കോവിഡ് അനന്തരഫലമായുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സാ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഉള്ളതു ഇല്ലാത്തതുമായ സ്വകാര്യ ആശുപത്രികളിലും ഇടാക്കാവുന്ന നിരക്കുകളാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍ വിഭാഗത്തിന് കിടക്കയ്ക്കു ദിവസം 750 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കാം. സ്വകാര്യ ആശുത്രികളില്‍ ഇത് 2645 രൂപ മുതല്‍ 15,180 രൂപ വരെയാണ് നിരക്ക്. കോവിഡാനന്തര ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും ഈ നിരക്ക് ബാധകമാണ്.
ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗത്വമുള്ളവര്‍ക്കും മാത്രമാണ് കോവിഡാനന്തര ചികിത്സ സൗജന്യമായി ലഭിക്കുക. മറ്റു വിഭാഗങ്ങള്‍ക്ക് കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയിലും പണം നല്‍കണം. ജനറല്‍ വാര്‍ഡില്‍ 750 രൂപയാണ് ദിവസ നിരക്ക്. എച്ഡിയുവില്‍ 1200 രൂപ, ഐസിയുവില്‍ 1500 രൂപ, വെന്റിലേറ്ററോടു കൂടിയ ഐസിയുവില്‍ 2000 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രികൡലെ നിരക്ക്.
എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡില്‍ ദിവസ നിരക്ക് പരമാവധി 2910 രൂപ വരെ മാത്രമെ ഈടാക്കാവൂ. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളില്‍ 2645 രൂപയാണ് നിരക്ക്. എച്ഡിയുവില്‍ 3795 രൂപ മുതല്‍ 4175 രൂപ വരേയും ഐസിയുവില്‍ 7800 രൂപ മുതല്‍ 8380 രൂപ വരേയും വെന്റിലേറ്ററോടു കൂടിയ ഐസിയുവില്‍ 13,800 രൂപ മുതല്‍ 15,180 രൂപ വരേയുമാണ് സ്വകാര്യ ആശുപത്രികളിലെ നിരക്ക്. രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെയാണിത്.