Sorry, you need to enable JavaScript to visit this website.

കർദിനാൾ ആലഞ്ചേരിക്കെതിരായ വിധി: സർക്കാർ  സുപ്രീം കോടതിയെ സമീപിക്കണമെന്ന് കാത്തലിക് ഫെഡറേഷൻ

കോട്ടയം- സീറോമലബാർ സഭയിലെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കാത്തലിക് ഫെഡറേഷൻ ആവശ്യപ്പെട്ടു. 12-നു പ്രസ്താവിച്ച വിധിയോടെ കേരളത്തിൽ നൈയാമികമായി രജിസ്റ്റർ ചെയ്തും അല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള എല്ലാ വസ്തു വിൽപനകളും തൽപര കക്ഷികൾക്ക് വിശ്വാസവഞ്ചന ആരോപിച്ചു ക്രിമിനൽ നടപടികൾ ആരംഭിക്കുവാനുള്ള അവസരം നൽകുന്നതാണ്. 
കേരളത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അനേകം സ്ഥാപനങ്ങളും സംഘടനകളും സ്വന്തമായ നിയമാവലികൾ രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്. ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ പെടാത്ത ഈ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ നിയമാവലി അനുസരിച്ചു ഭരണം നടത്തുവാനും സ്വത്തു ക്രയവിക്രയം ചെയ്യുവാനുമുള്ള അധികാരം ഉണ്ട്. അതനുസരിച്ചാണ് എറണാകുളം-അങ്കമാലി അതിരൂപത ബാങ്കിൽ നിന്നുള്ള കടം തീർക്കുന്നതിനു നിയമാവലി അനുസരിച്ചു പ്രത്യേക സമിതികളുടെ അംഗീകാരത്തോടെ മൂന്ന് ഏക്കർ വരുന്ന അഞ്ചു പ്ലോട്ടുകൾ വിൽപന നടത്തിയത്. 
നിയമാവലി അനുശാസിക്കുന്ന രീതിയിൽ തീരുമാനിച്ച കാര്യം നടപ്പാക്കുന്നതിനാണ് മെത്രാപോലീത്ത ആധാരം ഒപ്പു വെച്ച് വസ്തു കൈമാറ്റം ചെയ്തത്. എന്നാൽ, അതിരൂപതയുടെ ഈ നടപടി, ട്രസ്റ്റുകൾക്ക് ബാധകമായ സിവിൽ കോഡ് അനുസരിച്ചല്ല നടത്തിയതെന്നും, ആയതിനാൽ നിയമവിരുദ്ധമാണെന്നും, അതിരൂപതയിലെ എല്ലാ അംഗങ്ങളെയും ഈ കാര്യം അറിയിക്കാതെ വിൽപന നടത്തിയത് വിശ്വാസ വഞ്ചന ആണെന്നും, അതിനാൽ ജോർജ് ആലഞ്ചേരി ക്രിമിനൽ കോടതിയിൽ വിചാരണ നേരിടണമെന്നും പ്രസ്തുത വിധിയിൽ പറയുന്നു. അതനുസരിച്ചു മുൻകാലങ്ങളിൽ ട്രസ്റ്റ് ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലും നടന്നിട്ടുള്ള ക്രയവിക്രയങ്ങൾ ആ സ്ഥാപനങ്ങൾക്കുമായി ബന്ധപ്പെട്ട ആർക്കു വേണമെങ്കിലും ക്രിമിനൽ പരാതി സമർപ്പിക്കാവുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.
സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ്. 
ഒരു പരാതിക്കാരൻ ഏതെങ്കിലും ഒരു ക്രിമിനൽ കോടതിയിൽ ഒരു കാര്യം ചൂണ്ടി കാട്ടി ഒരു ക്രിമിനൽ കേസ് ഒരു വ്യക്തിക്ക് എതിരായി സമർപ്പിച്ചാൽ അതേ കാര്യത്തിനു മറ്റൊരു കോടതിയിൽ അതേ വ്യക്തിക്കു എതിരായി കേസ് സമർപ്പിക്കുന്നത് അനുവദിക്കാൻ പാടില്ല എന്നു നിഷ്‌കർഷിക്കുന്ന സുപ്രീം കോടതി വിധിയും മാർ അലഞ്ചേരിക്ക് എതിരായ വിധിയിൽ പാലിച്ചിട്ടില്ലെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് ആരോപിച്ചു.

 

Latest News