ശ്രീനഗർ- പാക്കിസ്ഥാന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ അതിർത്തി ഗ്രാമങ്ങളില്‍നിന്ന് 36,000 പേരെ ഒഴിപ്പിച്ചു. ഇരു സൈന്യങ്ങള്‍ തമ്മില്‍ ദിവസങ്ങളായി തുടരുന്ന ഷെല്ലാക്രമണത്തിലും വെടിവെപ്പിലും ഗ്രാമീണർ കൊല്ലപ്പെട്ടതിനു പുറമെ, നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തിരുന്നു.
സംഘർഷം രൂക്ഷമായിരിക്കെ, പ്രദേശ വാസികളെ രക്ഷിക്കുന്നതിനാണ് നിയന്ത്രണ രേഖക്കു സമീപത്തെ അർണിയ പട്ടണത്തില്‍നിന്നും സമീപ ഗ്രാമങ്ങളില്‍നിന്നും വലിയ തോതില്‍ ജനങ്ങളെ ഒഴിപ്പിച്ചതെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസർ സുരീന്ദർ ചൌധരി പറഞ്ഞു. ഷെല്‍ വർഷത്തില്‍ 150 കുടിലുകള്‍ കത്തിനശിച്ചതായും നിരവധി കന്നുകാലികള്‍ ചത്തതായും അദ്ദേഹം പറഞ്ഞു. ആയിരത്തോളം പേർ സ്കൂളുകളില്‍ സർക്കാർ ആരംഭിച്ച ക്യാമ്പുകളിലാണെന്നും മറ്റുള്ളവർ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ അഭയം തേടിയതായും അദ്ദേഹം പറഞ്ഞു. 500 കന്നുകാലികളെ അതിർത്തിയില്‍നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.