കാബൂൾ- ഇസ്ലാമിക ശരീഅത്തിന്റെ ചട്ടക്കൂടിൽനിന്ന് മുഴുവൻ സ്ത്രീകൾക്കും അവകാശം അനുവദിക്കുമെന്ന് താലിബാൻ. കാബൂളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് താലിബാൻ വക്താക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്നും താലിബാൻ വക്താക്കൾ അറിയിച്ചു. വനിതകളെ മാധ്യമങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് സർക്കാർ രൂപീകരിക്കുന്നത് വരെ കാത്തിരിക്കുക എന്നായിരുന്നു ഉത്തരം. എല്ലാവരുമായും മികച്ച ബന്ധം പുലർത്താനാണ് അഫ്ഗാൻ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയും ക്ഷേമവുമാണ് ലക്ഷ്യമിടുന്നതെന്നും താലിബാൻ വക്താക്കൾ വ്യക്തമാക്കി. അഫ്ഗാന്റെ മണ്ണ് ആർക്കും ദുരുപയോഗം ചെയ്യാനാകില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പുനൽകുന്നുവെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. താലിബാനെ ഇന്ന് മുതൽ മയക്കുമരുന്ന് മുക്ത രാജ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.