Sorry, you need to enable JavaScript to visit this website.

ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ്: എം.സി. ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു 

കാസർകോട് - ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കോടതിയിൽ കീഴടങ്ങിയ മുഖ്യ പ്രതി ചന്തേരയിലെ ടി.കെ. പൂക്കോയ തങ്ങളെയും കേസിൽ നേരത്തെ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ മുൻ എം.എൽ.എ എം.സി. ഖമറുദ്ദീനെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. 
രാവിലെ പത്തര മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു. ഉച്ചക്ക് ഒന്നരയ്ക്കാണ് ഖമറുദ്ദീൻ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങിയത്. മൂന്ന് ദിവസമായി കാസർകോട്ട് ക്യാമ്പ് ചെയ്തു ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മേൽനോട്ടം വഹിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. മൊയ്തീൻ കുട്ടിയുടെ നിർദേശ പ്രകാരമാണ് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം സുനിൽകുമാർ, കണ്ണൂർ ഡിവൈ. എസ്.പി എ.വി. പ്രദീപ്, ഇൻസ്പെക്ടർ മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഇരുവരെയും ഒരുമിച്ചു ചോദ്യം ചെയ്തു മൊഴിയെടുത്തത്. എം.സി. ഖമറുദ്ദീനെ രാവിലെ കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയായിരുന്നു. 100 കേസുകളിൽ കീഴടങ്ങി ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന പൂക്കോയ തങ്ങളെ  ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കും ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി നാല് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ 11 ന് തിരിച്ചു കോടതിയിൽ ഹാജരാക്കും. മുഴുവൻ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാകും തങ്ങളെ കോടതിയിൽ ഹാജരാക്കുക. പൂക്കോയ തങ്ങളെ ഞായറാഴ്ച രാവിലെ ചന്തേരയിലെ വസതിയിൽ എത്തിച്ചു തെളിവെടുത്തിരുന്നു. അറസ്റ്റിലായ ഖമറുദ്ദീൻ ഇടപാടുകൾ മുഴുവൻ നടത്തിയിരുന്നത് തങ്ങൾ ആണെന്നും സാമ്പത്തിക തിരിമറിയൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ നിക്ഷേപം തിരിച്ചുനൽകി ജ്വല്ലറി നല്ലനിലയിൽ നടത്താൻ ശ്രമിച്ചിരുന്നുവെന്നും ഖമറുദ്ദീൻ ആണ് അനുവദിക്കാതിരുന്നതിനും കോടതിയിൽ കീഴടങ്ങിയ പൂക്കോയ തങ്ങൾ പറഞ്ഞിരുന്നു. ഇക്കാര്യത്തിലുള്ള അവ്യക്തത നീക്കാനാണ് ഇരുവരെയും ക്രൈംബ്രാഞ്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. എം.സി. ഖമറുദ്ദീൻ നിക്ഷേപം വാങ്ങിയ കമ്പനിയുടെ ചെയർമാനും പൂക്കോയ തങ്ങൾ മാനേജിംഗ് ഡയറക്ടറുമാണ്. 

 

Latest News