Sorry, you need to enable JavaScript to visit this website.

വാട്ടർമെട്രോ യാത്രാ സർവീസ് ഉടൻ; പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു

കൊച്ചി - ഹരിത ഗതാഗത സംവിധാനമായ രാജ്യത്തെ ആദ്യ ജല മെട്രോയുടെ യാത്രാസർവീസ് ഉടൻ തുടങ്ങും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള ജല മെട്രോയുടെ പരീക്ഷണ ഓട്ടം അവസാനഘട്ടത്തിലേക്ക് കടന്നു. കൊച്ചി കപ്പൽശാലയിലാണ് ആദ്യ ബോട്ടിന്റെ കടൽപ്പരീക്ഷണം നടക്കുന്നത്. ബോട്ടിന്റെ ഇലക്ട്രിക് പരിശോധന ഇതിനകം പൂർത്തിയായിട്ടുണ്ട്. 
പ്രവർത്തനശേഷി പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. ഇത് അവസാനിക്കുന്ന മുറക്ക് മെട്രോ റെയിൽ ലിമിറ്റഡിന് ബോട്ട് കൈമാറും. ഇതിന് പിന്നാലെ വൈകാതെ തന്നെ യാത്രാസർവീസ് തുടങ്ങിയേക്കും. 
സർവീസ് തുടങ്ങുന്നത് വൈകില്ലെന്ന് നേരത്തെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾമൂലം നീളുകയായിരുന്നു. നാവിക സേനയുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്. 
വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സർവീസ് ആരംഭിക്കുക. വാട്ടർ മെട്രോയിൽ 20 മിനിറ്റുകൊണ്ട് വൈറ്റിലയിൽനിന്ന് കാക്കനാട് എത്താം. വാട്ടർ മെട്രോയിലെ കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റർവരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലുരൂപവീതം വർധനയുണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. 
മെട്രോക്ക് അനുബന്ധമായാണ് ജല മെട്രോ സർവീസ് നടപ്പാക്കുക. വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ യാത്ര പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. സമാർട്ട് സിറ്റി ഉൾപ്പടെയുള്ള ഇടങ്ങളിലൂടെ കടന്ന് പോകുന്ന വാട്ടർമെട്രോ കൊച്ചിക്ക് വാണിജ്യപരമായും ഉണർവ് നൽകും. കൊച്ചി കപ്പൽ ശാലയിലാണ് ജല മെട്രോയുടെ ബോട്ടുകൾ നിർമിക്കുന്നത്. ഇവിടെ നിർമിക്കുന്ന ഹൈബ്രിഡ് ബോട്ടിൽ 100 പേർക്ക് യാത്ര ചെയ്യാം. ആദ്യഘട്ടത്തിൽ മൊത്തം 38 ബോട്ടുജെട്ടികളാണുള്ളത്. 
വൈറ്റില, കാക്കനാട് ജെട്ടികളാണ് പൂർത്തിയായത്. ഹൈക്കോടതിയിലെ പ്രധാന ജെട്ടി ഉൾപ്പെടെ 16 എണ്ണത്തിന്റെ നിർമാണം പുനരാരംഭിച്ചിട്ടുണ്ട്. ഏഴ് ജെട്ടികളുടെ നിർമാണത്തിന് മരട്, ചേരാനല്ലൂർ, കടമക്കുടി, മുളവുകാട് വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനമായിട്ടുണ്ട്. ജർമ്മൻ ബാങ്കായ കെ.എഫ്. ഡബഌുവിന്റെ സാമ്പത്തിക സഹായത്തോടെയാണ് ജല മെട്രോ പദ്ധതി നടപ്പാക്കുന്നത്. 747 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

 

Latest News