Sorry, you need to enable JavaScript to visit this website.

ആരാണ് താലിബാന്‍ നേതൃത്വം? നിഗൂഢ സംഘത്തെ കുറിച്ച് അറിയേണ്ടതെല്ലാം

മുല്ല അബ്ദുൽ ഗനി ബറാദര്‍

യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ 20 വര്‍ഷം നിലനിന്ന അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ മിന്നല്‍ യുദ്ധത്തിലൂടെ തോല്‍പ്പിച്ച് വീണ്ടും താലിബാന്‍ അധികാരത്തിലെത്തിയിരിക്കുന്നു. ഭീകരാക്രമണങ്ങളുടേയും മതമൗലികവാദത്തിന്റേയും പേരില്‍ ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താലിബാന്റെ നേതൃനിരയെ ചുറ്റിപ്പറ്റിയും പ്രവര്‍ത്തന രീതിയെ സംബന്ധിച്ചും ഏറെ നിഗൂഢതകള്‍ നിലനില്‍ക്കുന്നുണ്ട്. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ചപ്പോഴും ഇങ്ങനെ ആയിരുന്നു.

പരമോന്നത നേതാവ് ഹിബതുല്ല അഖുന്ദ്‌സാദ

2016ല്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മുല്ലാ മന്‍സൂര്‍ അഖ്തര്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് ഹിബതുല്ല താലിബാന്‍ നേതാവായി നിയമിതനായത്. ഇതിനു മുമ്പ് ഹിബതുല്ല ഏറെയൊന്നും അറിയപ്പെടാത്ത ഒരു മത നേതാവായിരുന്നു. താലിബാന്റെ ആത്മീയ തലവനായി അറിയപ്പെടുന്ന ഹിബതുല്ല ഒരു മിലിറ്ററി കമാന്‍ഡര്‍ അല്ല. താലിബാന്റെ തലപ്പത്ത് എത്തിയതോടെ മറ്റൊരു ഭീകരസംഘടനയായ അല്‍ ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയും ഹിബതുല്ലയെ പിന്തുണച്ചിരുന്നു. മുല്ലാ മന്‍സൂര്‍ കൊല്ലപ്പെട്ടതിനു ശേഷം താലിബാന്‍ ഭീകരര്‍ക്കിടയില്‍ ഉടലെടുത്ത അധികാര തര്‍ക്കങ്ങളും വിഭാഗീയതയും സ്ഥാപകന്‍ മുല്ലാ ഉമര്‍ കൊല്ലപ്പെട്ട വിവരം വര്‍ഷങ്ങളോളം രഹസ്യമാക്കിവച്ചു വെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കുകയായിരുന്നു ഹിബതുല്ലയുടെ വെല്ലുവിളി. മതകാര്യങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുന്ന ഹിബതുല്ല ഇസ്ലാമിക ചടങ്ങുകളില്‍ മാത്രമെ പൊതുവെ കാണാറുള്ളൂ. 

താലിബാന്‍ സ്ഥാപകന്‍ മുല്ല ബറാദർ

താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാളാണ് മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍. മുല്ലാ ഉമറിന്റെ വലംകയ്യായിരുന്നു. താലിബാന്‍ ജന്മമെടുത്ത കാണ്ഡഹാറാണ് മുല്ല ബറാദറിന്റെ ജന്മദേശം. എല്ലാ അഫ്ഗാനികളേയും പോലെ 1970കളിലെ സോവിയറ്റ് അധിനിവേശമാണ് ബറാദറിന്റെയും ജീവിതം മാറ്റി മറിച്ച് ഒരു ഭീകരനാക്കി മാറ്റിയത്. മുല്ലാ ഉമറിനൊപ്പം 90കളില്‍ താലിബാന്‍ സ്ഥാപിച്ചു. സോവിയറ്റ് യൂനിയന്‍ അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധവും അഴിമതിയും രാജ്യത്ത് സൃഷ്ടിച്ച കുത്തഴിഞ്ഞ അവസ്ഥയിലാണ് താലിബാന്‍ പിറവിയെടുക്കുന്നത്. 2001ല്‍ താലിബാന്‍ സര്‍ക്കാര്‍ വീണതോടെ പുതിയ അഫ്ഗാന്‍ സര്‍ക്കാരുമായി നീക്കുപോക്കുണ്ടാക്കാന്‍ മുല്ലാ ബറാദര്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് 2010ല്‍ പാക്കിസ്ഥാനില്‍ വച്ച് പാക് ചാരസംഘടനയായ ഐഎസ്‌ഐ  അറസ്റ്റ് ചെയ്തു. യുഎസിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2018ല്‍ പാക്കിസ്ഥാന്‍ മുല്ലാ ബറാദറിനെ മോചിപ്പിച്ചു. ശേഷം ഖത്തറിലാണ്. പിന്നീട് താലിബാന്റെ രാഷ്ട്രീയകാര്യ തലവനാണ് നിയമിക്കപ്പെട്ടു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്നു. അഫ്ഗാനില്‍ നിന്നും യുഎസ് സേനാ പിന്‍മാറ്റ കരാര്‍ ഒപ്പിട്ടതും മുല്ലാ ബറാദറിന്റെ നേതൃത്വത്തിലായിരുന്നു. അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിന്റെ തലവനായി സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ്.

സിറാജുദ്ദീന്‍ ഹഖ്ഖാനി

സോവിയറ്റ് വിരുദ്ധ പോരാട്ട കാലത്തെ പ്രശസ്തനായ കമാന്‍ഡര്‍ ജലാലുദ്ദീന്‍ ഹഖ്ഖാനിയുടെ മകനാണ്. താലിബാന്റെ ഉപനേതാവായും അതേസമയം കരുത്തരായ ഹഖ്ഖാനി ശൃംഖലയുടെ തലവനായും ഇരട്ട റോളിലാണ് സിറാജുദ്ദീന്‍. യുഎസ് ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്ത സംഘമാണ് ഹഖ്ഖാനി ശൃംഖല. അഫ്ഗനാനില്‍ സര്‍ക്കാര്‍ സേനയ്ക്കും യുഎസ്, നാറ്റോ സേനകള്‍ക്കുമെതിരെ കഴിഞ്ഞ 20 വര്‍ഷമായി യുദ്ധം ചെയ്യുന്ന ഏറ്റവും അപകടകാരികളായാണ് ഇവരെ കണക്കാക്കപ്പെടുന്നത്. ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധി നേടിയ സംഘമാണിത്. കാബൂളിലും പരിസരത്തും നടന്ന ചാവേര്‍ ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെല്ലാം ഇവരാണ്. അഫ്ഗാന്‍ ഉദ്യോഗസ്ഥരേയും വിദേശികളേയും തട്ടിക്കൊണ്ടുപോയി മോചദ്രവ്യം ചോദിക്കുക, കൊലപ്പെടുത്തുക എന്നതാണ് ഇവരുടെ രീതി. സൈനിക പോരാട്ട കരുത്തും, കിഴക്കന്‍ അഫ്ഗാന്‍ മലനിരകള്‍ക്കിടയില്‍ ഓപറേഷന്‍ നടത്താനുള്ള മികവും ബിസിനസ് ഇടപാടുകളിലെ പരിചയവും സ്വതന്ത്രമായ നിലനില്‍പ്പും ഹഖ്ഖാനികളെ താലിബാന് പ്രിയപ്പെട്ടവരാക്കുന്നു. താലിബാന്റെ നേതൃസമിതിയില്‍ നിര്‍ണായക ശക്തികളാണ് സിറാജുദ്ദീന്‍ നേതൃത്വം നല്‍കുന്ന ഹഖ്ഖാനി സംഘം.

മുല്ലാ യാഖൂബ്

താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മകനാണ് മുല്ലാ യാഖൂബ്. താലിബാന്റെ സൈനിക വിഭാഗത്തെ നയിക്കുന്നു. യുദ്ധങ്ങളും ഓപറേഷനുകളുമെല്ലാം യാഖൂബിന്റെ മേല്‍നോട്ടത്തിലാണ്. മുല്ലാ ഉമറിന്റെ പാരമ്പര്യമാണ് യാഖൂബിനെ താലിബാന്‍ എന്ന വലിയ സംഘത്തെ ഒറ്റക്കെട്ടാക്കുന്ന ഒരു കണ്ണിയായി നിലനിര്‍ത്തുന്നത്. അതേസമയം യാഖൂബിന്റെ യഥാര്‍ത്ഥ ജോലി എന്താണെന്നതു സംബന്ധിച്ച് ഊഹാപോഹങ്ങളും ഉണ്ട്. 2020ല്‍ യാഖൂബിനെ സൈനിക തലവനായി നിയമിച്ചത് വെറും കണ്ണില്‍പൊടിയിടല്‍ തന്ത്രമാണെന്നും ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.

Latest News