ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തിലെ സ്വാതന്ത്ര്യസമര സേനാനി മന്ദാഗിനി ഹര്‍സയെക്കുറിച്ചുള്ള തെറ്റ് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ്സ്. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് മോഡി നടത്തിയ പ്രസംഗത്തിലാണ് തെറ്റ് കണ്ടെത്തിയത്. സ്വാതന്ത്ര്യ സമര സേനാനിയായ മന്ദാഗിനി ഹര്‍സയെ അസമില്‍ നിന്നുള്ള എന്നാണ് മോഡി പരാമര്‍ശിച്ചത്. യഥാര്‍ഥത്തില്‍ അവര്‍ പശ്ചിമബംഗാള്‍ സ്വദേശിയാണ്.
ചരിത്രത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് അല്‍പജ്ഞാനം മാത്രമാണുള്ളതെന്നും അതിനാല്‍ തന്നെ മോഡി മാപ്പു പറയണമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആവശ്യം. പ്രധാനമന്ത്രിക്ക് ചരിത്രത്തെ കുറിച്ച് പരിമിതമായ അറിവ് മാത്രമാണുള്ളത്. ആകെ ചെയ്യുന്നത് മറ്റുള്ളവര്‍ എഴുതികൊടുക്കുന്ന വാക്കുകള്‍ നാടകീയമായി വായിക്കുക മാത്രമാണ്', പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കുണാല്‍ ഘോഷ് പറഞ്ഞു. മന്ദാഗിനി ഹസ്ര അസമില്‍ നിന്നെന്നോ നിങ്ങള്‍ക്ക് ചരിത്രമെന്തെന്നറിയില്ല, യാതൊരു വിധ വികാരങ്ങളുമില്ല. ഇത് ബംഗാളിനെ അപമാനിക്കലാണ്. നിങ്ങള്‍ ഖേദം പ്രകടിപ്പിക്കണം- കുണാല്‍ ഘോഷ് ട്വീറ്റ് ചെയ്തു.