Sorry, you need to enable JavaScript to visit this website.

മുജാഹിദുകൾക്കിടയിൽ വീണ്ടും അനൈക്യം, നേതൃത്വത്തെ വെല്ലുവിളിച്ച് ഒരു വിഭാഗം

ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായുള്ള "നവോത്ഥാനം തീവ്രവാദമല്ല' സംസ്ഥാന കാംപയിന്‍ സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്- ഏറെ പ്രതീക്ഷയോടെ ഒന്നായ മുജാഹിദ് വിഭാഗത്തിൽ വീണ്ടും അനൈക്യത്തിന്റെ സൂചനകൾ. ഔദ്യോഗിക വിഭാഗത്തിന് കനത്ത വെല്ലുവിളി ഉയർത്തി മുജാഹിദിലെ വിമത വിഭാഗം കോഴിക്കോട് പൊതുപരിപാടി സംഘടിപ്പിച്ചു. ഐ.എസ്.എം ഗോൾഡൻ ജൂബിലി ഭാഗമായുള്ള നവോത്ഥാനം തീവ്രവാദമല്ല എന്ന സംസ്ഥാന കാമ്പയിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പൊതുപരിപാടി സംഘടിപ്പിച്ചത്. ലയനത്തിനു ശേഷമുള്ള മുജാഹിദ് വിഭാഗത്തിലെ അസംതൃപ്തരുടെ നേതൃത്വത്തിലാണ് പൊതുപരിപാടി നടന്നത്. ആഴ്ചകൾക്ക് മുമ്പ് മുജാഹിദ് സമ്മേളനം നടന്ന കൂരിയാട്ടും ഇതേപോലെ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. മുജാഹിദ് ലയനത്തിന് മുൻപുള്ള മടവൂർ വിഭാഗത്തിൽപെട്ട നേതാക്കന്മാരാണ് ഇന്നലെ നടന്ന പരിപാടിയുടെ സംഘാടകർ.
കാമ്പയിന്റെ ഉദ്ഘാടനം നടത്തിയത് നിലവിലുള്ള മുജാഹിദ് പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ സി.പി ഉമർ സുല്ലമി ആയിരുന്നു. ലയനത്തിന് മുമ്പ്, കോഴിക്കോട് മർക്കസുദഅ്‌വ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കെ.എൻ.എം സംസ്ഥാന പ്രസിഡന്റായിരുന്നു ഇദ്ദേഹം. ഇതേ വിഭാഗത്തിലെ മുതിർന്ന പണ്ഡിതനായ കെ. അബൂബക്കർ മൗലവി പുളിക്കൽ, ഡോ. ജമാലുദ്ദീൻ ഫാറൂഖി, ഈസാ മദനി, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, അബ്ദുൾ അലി മദനി, ഡോ.ഇ.കെ അഹമ്മദ്കുട്ടി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. നിലവിലുള്ള ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ അമാനി, ട്രഷറർ ഫൈസൽ നന്മണ്ട, വൈസ് പ്രസിഡന്റ് അബ്ദുസലാം മുട്ടിൽ, യു.പി യഹ്‌യാഖാൻ തുടങ്ങി ലയനത്തിന് മുമ്പുള്ള മർക്കസുദഅ്‌വ ഐ.എസ്.എം വിഭാഗത്തിലെ യുവജനനേതാക്കളും വേദിയിലുണ്ടായിരുന്നു. നേരത്തെ ഐ.എസ്.എം, എം.എസ്.എം, കെ.എൻ.എം സംസ്ഥാന നേതൃത്വത്തിൽ ഉണ്ടായിരുന്ന വിവിധ ജില്ലകളിൽ നിന്നുള്ള പണ്ഡിതന്മാരും നേതാക്കളും വേദിയിലുണ്ടായിരുന്നു.
എന്നാൽ ഡോ. ഹുസൈൻ മടവൂർ, എ.അസ്ഗർഅലി, സലാഹുദ്ദീൻ മദനി തുടങ്ങിയവരൊന്നും ഇന്നലത്തെ ചടങ്ങിനെത്തിയിരുന്നില്ല. മുജാഹിദ് ലയനത്തിന് ശേഷം മർക്കസുദഅ്‌വ വിഭാഗത്തിനോട് ഔദ്യോഗിക വിഭാഗം കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായി പ്രതികരണമുണ്ടാകും എന്നത് മുൻനിർത്തിയാണ് ഇന്നലെ പരിപാടി സംഘടിപ്പിച്ചത്. ഇതിനോട് വരുംദിവസങ്ങളിൽ ഔദ്യോഗിക വിഭാഗം എന്തു നിലപാട് എടുക്കും എന്നതിനെ ആശ്രയിച്ചാണ് മുജാഹിദ് സംഘടനാ രംഗത്ത് തുടർ ചലനങ്ങളുണ്ടാകുക എന്നാണ് നേതാക്കൾ നൽകുന്ന സൂചന.

നവോത്ഥാന മുന്നേറ്റത്തെ ചെറുക്കാൻ അനുവദിക്കില്ല -ഐ.എസ്.എം

കോഴിക്കോട്- മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റത്തെ തീവ്രവാദ ആരോപണമുയർത്തി തടയിടാനുള്ള ഫാസിസ്റ്റുകളുടെയും ചില യാഥാസ്ഥിതിക മുസ്‌ലിം സംഘടനകളുടെയും സംഘടിത നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐ.എസ്.എം.  മുസ്‌ലിം നവോത്ഥാന സംരംഭങ്ങളെ നശിപ്പിക്കുകയെന്ന ഫാസിസ്റ്റ് ഗൂഢശ്രമങ്ങൾക്ക് മുസ്‌ലിം സംഘടനകൾ തന്നെ ശക്തിപകരുന്നത് ആശങ്കാജനകമാണെന്നും ഐ.എസ്.എം ഗോൾഡൻ ജൂബിലി ഭാഗമായുള്ള 'നവോത്ഥാനം തീവ്രവാദമല്ല' എന്ന സംസ്ഥാന കാംപയ്‌ന്റെ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ മതേതര പൊതു മണ്ഡലങ്ങളെ തകർത്ത് വർഗീയ ധ്രുവീകരണം നടത്തുന്ന ശക്തികൾക്കെതിരിൽ പോരാടാൻ ഐ.എസ്. എം ആഹ്വാനം ചെയ്തു. വർഗീയ കലാപങ്ങളും വംശഹത്യകളും അസഹിഷ്ണുതയാലുള്ള നരഹത്യകളും കലാപങ്ങളും പെരുകി വരുന്ന കാലത്ത് തെളിമയുള്ള മതേതര പൊതു മണ്ഡലം തിരിച്ചുപിടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ വേണം. മതം മരിക്കാനുള്ള കുറുക്കു വഴികളായി കാണുന്നവരെയും ആത്മീയ ചൂഷണത്തിനുള്ള ഉപാധിയാക്കുന്നവരെയും ഒരുപോലെ നേരിടാൻ വിശ്വാസികൾ പ്രബുദ്ധമാവണം.
മുസ്‌ലിം സ്ത്രീകളെ സമുദായത്തിന്റെ പൊതു മണ്ഡലങ്ങളുടെ പങ്കാളികളാക്കി മാറ്റാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടാവണം. മഹല്ല് സംവിധാനങ്ങളിലും മുസ്‌ലിം സംഘടനാ നേതൃതലങ്ങളിലും മുസ്‌ലിം സ്ത്രീകളുടെ പങ്ക് ഉറപ്പുവരുത്താൻ സമുദായ നേതൃത്വം ഉണർന്നു പ്രവർത്തിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
കേരള ജംഇയ്യത്തുൽ ഉലമാ വർക്കിംഗ് പ്രസിഡന്റ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. നവോത്ഥാനത്തെ കീഴ്‌മേൽ മറിക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്കെതിരെ ചെറുത്തുനിൽപ് ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. ബഹുമത സമൂഹത്തിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ നിർവഹിക്കാതെ ധ്രുവീകരണത്തിന് ശക്തിപകരുന്ന നിലപാടുകൾ സ്വീകരിക്കുന്നത് ആശാസ്യമല്ല. നവോത്ഥാമെന്നത് അനീതികൾക്കെതിരെയുള്ള ചൂണ്ടുവിരൽ ഉയർത്തൽ കൂടിയാണ്. തിന്മകൾക്കെതിരെ ഖുർആൻ കൊണ്ടുള്ള സമരമാണ് വിശ്വാസികൾ നിർവഹിക്കേണ്ടത്. ഏകനായ ദൈവത്തിലുള്ള സമ്പൂർണ സമർപ്പണത്തിലൂടെ മാത്രമാണ് നിർഭയത്വമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുസ്സലാം മുട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. ചരിത്രം വികലമാക്കപ്പെടുന്ന പുതിയ സാഹചര്യത്തിൽ പുതിയ നവോത്ഥാനത്തിന്റെ പിറവിയ്ക്കായി ലോകം കാതോർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിന്റെ സ്രഷ്ടാക്കൾ ജനങ്ങളാണ്. പൗരോഹിത്യമല്ല മതങ്ങളാണ് നവോത്ഥാന ധർമം നിർവഹിക്കേണ്ടത്. ചരിത്രത്തെ സാമുദായികമായി വിഭജിക്കുന്നത് അത്യന്തം അപകടകരമാണ്. സർവമത സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയിലൂടെ മാത്രമേ സഹിഷ്ണുത കാത്തുസൂക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ആരോഗ്യകരമായ സംവാദങ്ങൾ നഷ്ടപ്പെടുത്തിയതാണ് സമൂഹത്തിൽ പരസ്പര വിശ്വാസം ഇല്ലാതാകാൻ കാരണമായതെന്ന് പ്രമുഖ ഇടതു ചിന്തകൻ കെ.ഇ.എൻ അഭിപ്രായപ്പെട്ടു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി, കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. ഇ.കെ അഹ്മദ്കുട്ടി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനി, ഫോക്കസ് ഇന്ത്യാ പ്രസിഡന്റ് പ്രഫ. യു.പി യഹ്‌യാഖാൻ, അബ്ദുന്നാസർ മുണ്ടക്കയം, എം.എസ്.എം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹാസിൽ മുട്ടിൽ, എം.ജി.എം സംസ്ഥാന ട്രഷറർ റാഫിദ ഖാലിദ്, റിഹാസ് പുലാമന്തോൾ, ഡോ. ഫുക്കാർ അലി, അലി മദനി മൊറയൂർ, എൻ.എം അബ്ദുൽജലീൽ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഫൈസൽ ചക്കരക്കല്ല്, ഇസ്മാഈൽ കരിയാട്, എം. അഹ്മദ്കുട്ടി മദനി എടവണ്ണ, ഐ.എസ്. എം സംസ്ഥാന ട്രഷറർ ഫൈസൽ നന്മണ്ട, ഷാനിഫ് വാഴക്കാട്, അൻഫസ് നന്മണ്ട, ശുക്കൂർ കോണിക്കൽ, ഡോ. ലബീദ് അരീക്കോട്, യൂനുസ് നരിക്കുനി തുടങ്ങിയവർ പ്രസംഗിച്ചു. 


 

Latest News