ഷില്ലോങ്- മേഘാലയയില്‍ സായുധ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ വിഘടനവാദി നേതാവ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സംഘര്‍ഷം. ഷില്ലോങില്‍ രണ്ടു ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മൊബൈല്‍ സേവനവും ഇന്റര്‍നെറ്റും നിര്‍ത്തിച്ചു. കൊല്ലപ്പെട്ട ചെസ്റ്റര്‍ഫീല്‍ഡ് താന്‍ഖീവിന്റെ അനുയായികള്‍ ഷില്ലോങില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ് രംഗം വഷളാക്കിയത്. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഷില്ലോങിലെ വീടിനു നേര്‍ക്ക് പെട്രോം ബോംബേറ് ഉണ്ടായി. ഈ സമയം മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ താമസം ഔദ്യോഗിക വസതിയിലാണ്.
പോലീസ് വീട്ടില്‍ കയറി നടത്തിയ ആക്രമണത്തിലാണ് വിമത നേതാവ് താന്‍ഖീവ് കൊല്ലപ്പെട്ടത്. ഇത് ഏറ്റുമുട്ടലല്ലെന്നും പോലീസ് നടത്തിയ കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രി ലാക്‌മെന്‍ റൈംബുയ് രാജിവെക്കുകുയം ചെയ്തു. നിയമം ലംഘിച്ചാണ് പോലീസ് വെടിവെപ്പ് നടത്തിയതെന്നും മന്ത്രി രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട താന്‍ഖീവിന്റെ അനുയായികള്‍ കരിങ്കൊടിയുമായി തെരുവുകളിലിറങ്ങി. പോലീസിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ പ്രതിഷേധം പ്രകടനങ്ങള്‍ നടത്തി. നിരവധി പേര്‍ വീടുകളില്‍ ടെറസിന്റെ മുകളില്‍ കയറി പ്ലക്കാര്‍ഡുയര്‍ത്തിയും പ്രതിഷേധിച്ചു. ഒരു പോലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിച്ചു. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതിഷേധക്കാര്‍ പോലീസ് വാഹനം പിടിച്ചെടുത്ത് അതിലെ ആയുധങ്ങളും കൈക്കലാക്കിയതായും റിപോര്‍ട്ടുണ്ട്. അസമില്‍ നിന്നുള്ള ഒരു വാഹനവും ആക്രമിക്കപ്പെട്ടു. ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഷില്ലോങില്‍ പലയിടത്തും കല്ലേറും ആക്രമണങ്ങളും അരങ്ങേറി. ഷില്ലോങിലേക്ക് യാത്ര ചെയ്യരുതെന്ന് അസം പോലീസ് മുന്നറിയിപ്പ് നല്‍കി.