കാബൂൾ- അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്ത താലിബാൻ രാജ്യത്തിന്റെ പേര് ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാനായി പ്രഖ്യാപിച്ചു. നേരത്തെ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ ഇതേ പേരായിരുന്നു താലിബാൻ പ്രഖ്യാപിച്ചിരുന്നത്. തലസ്ഥാനമായ കാബൂൾ പൂർണമായും പിടിച്ചെടുത്ത താലിബാൻ പതിനൊന്ന് ജില്ലകളുടെയും നിയന്ത്രണം ഏറ്റെടുത്തതായും പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും താലിബാന്റെ അധീനതയിലായി. താലിബാൻ അഫ്ഗാനിസ്താൻ തലസ്ഥാനം പിടിച്ച ഉടൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. താജിക്കിസ്ഥാനിലേക്കാണ് അഷ്‌റഫ് ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടത് എന്നാണ് വാർത്തകൾ. രാജ്യംവിടുന്നതിനു മുമ്പ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഗനി രാജ്യം വിട്ട കാര്യം സർക്കാർ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു. കാബൂളിലേക്ക് താലിബാൻ ഭീകരർ പ്രവേശിച്ചതോടെ അധികാരമൊഴിയാൻ തയ്യാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രി അബ്ദുൾ സത്താർ മിർസാക്ക്വൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തരാവരുത്. കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗാനി ബർദാർ ദോഹയിൽനിന്ന് കാബൂളിലേക്ക് തിരിച്ചതായി താലിബാൻ വക്താവ് വ്യക്തമാക്കി. അധികാര കൈമാറ്റം നടക്കുന്നതോടെ ബർദാർ അഫ്ഗാൻ പ്രസിഡന്റാകുമെന്നാണ് സൂചന. നിരവധി വിദേശ രാജ്യങ്ങൾ അവരുടെ പ്രതിനിധികളെ അഫ്ഗാനിൽനിന്ന് തിരികെ കൊണ്ടുവന്നു. ജർമനിയുടെ അംബാസിഡർ അടക്കമുള്ളവരെ തിരികെ രാജ്യത്തേക്ക് എത്തിച്ചു. താലിബാനെ ഒരിക്കലും അഫ്ഗാനിലെ സർക്കാറായി അംഗീകരിക്കില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി. പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം പറഞ്ഞത്. താലിബാനുമായി ഒരിക്കലും ചർച്ചകൾ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാൻ വക്താക്കൾ പ്രതികരിച്ചു. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നും താലിബാൻ വക്താക്കൾ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. അതിനിടെ, അഫ്ഗാൻ വിഷയം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം ഉടൻ യോഗം ചേരുമെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വിദേശകാര്യമന്ത്രി സമീർ കാബുലോവാണ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാൻ ആകാശത്തിലൂടെ വിമാനം പറത്തരുതെന്ന് ബ്രിട്ടൻ തങ്ങളുടെ പൈലറ്റുമാർക്ക് നിർദ്ദേശം നൽകി.