ന്യൂദല്‍ഹി- വര്‍ഗീയ ശക്തിയായ ബി.ജെ.പിയെ പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അവകാശപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം കരസ്ഥമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ബി.ജെ.പിക്കുമേല്‍ കോണ്‍ഗ്രസ് നേടിയത് ധാര്‍മിക വിജയമാണെന്നും 150 സീറ്റ് നേടുമെന്ന് അവകാശവാദം മുഴക്കിയ അവരെ നൂറു സീറ്റില്‍ താഴെ എത്തിക്കാന്‍ സാധിച്ചുവെന്നും കടുത്ത മത്സരത്തിലൂടെ ഗുജറാത്തില്‍നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് പട്ടേല്‍ പറഞ്ഞു.
പാക്കിസ്ഥാനെ പോലും വലിച്ചിഴച്ച് എല്ലാ അടവുകളും പയറ്റിയ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോഡി നിരവധി പൊതുയോഗങ്ങളിലാണ് സംസാരിച്ചത്. എന്നിട്ടുപോലും വോട്ടര്‍മാരെ ധ്രുവീകരിക്കാന്‍ സാധിക്കാത്ത് ശുഭ സൂചനയാണെന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തു മാത്രമല്ല, രാജ്യത്തെമ്പാടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വളര്‍ത്തിയിരിക്കയാണ്. ബി.ജെ.പിയെ തറപറ്റിക്കാനാകുമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. രാഹുല്‍ ഗാന്ധി നടത്തിയ പ്രചാരണ രീതിയും അദ്ദേഹത്തന്റെ കഠിനാധ്വാനവുമാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
ഗുജറത്തില്‍ 182 അംഗ നിയമസഭയില്‍ 99 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 115 സീറ്റാണ് 99 ആയി കുറഞ്ഞത്. കുതന്ത്രങ്ങള്‍ പ്രയോഗിച്ചില്ലായിരുന്നെങ്കില്‍ അവര്‍ പരാജയപ്പെട്ടേനെയെന്നും അഹമ്മദ് പട്ടേല്‍ അവകാശപ്പെട്ടു. രാജ്യത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടര്‍ച്ചയായി
മെച്ചപ്പെട്ടുവരികയാണെന്നും ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി പുതിയ ടീമിനെ ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിവരികയാണെന്നും യുവാക്കളുടെ വൈദഗ്ധ്യവും അദ്ദേഹം ഉപയോഗപ്പെടുത്തുമെന്നായിരുന്നു മറുപടി.
2019 ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് വിഭാഗീയ, വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യമെന്നായിരുന്നു പ്രതികരണം. സമാന ചിന്താഗതിയുള്ള എല്ലാ പാര്‍ട്ടികളുടേയും പിന്തുണ സ്വീകരിക്കാന്‍ സന്നദ്ധമാണെങ്കിലും സഖ്യത്തെ കുറിച്ചുള്ള ആലോചനകള്‍ക്ക് സമയമായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പുറന്തള്ളപ്പെടുകയല്ലേ എന്ന ചോദ്യത്തിന് സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയാകുമ്പോള്‍ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമേ കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നുള്ളൂവെന്നും രാഹുലിന്റെ നേതൃത്വത്തിലും കൂടുതല്‍ സംസ്ഥാനങ്ങള്‍ നേടുമെന്നും അത് സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്നും 15 വര്‍ഷം സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന പട്ടേല്‍ മറുപടി നല്‍കി.
രക്തബന്ധു ഒപ്പമില്ലാതെ വനിതകള്‍ക്ക് ഹജിനു പോകാന്‍ സൗദി അറേബ്യ നല്‍കിയ അനുമതി സ്വന്തമാക്കിയാണ് ബി.ജെ.പി മുസ്്‌ലിം വനിതകളുടെ രക്ഷകരായി ചമയുന്നത്. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ ആവശ്യപ്പെടുന്നത് അതിലെ എല്ലാ വകുപ്പുകളെ കുറിച്ചും സൂക്ഷ്മ പരിശോധന നടത്താനാണ്. പ്രസക്തമായ വിഷയങ്ങളാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതെന്നും അതിനെ ബഹളമായി വ്യാഖ്യാനിക്കാനാവില്ലെന്നും അഹമ്മദ് പട്ടേല്‍ അവകാശപ്പെട്ടു.