ബെയ്‌റൂത്ത്- വടക്കന്‍ ലെബനോനിലെ ദരിദ്ര മേഖലയായ അക്കറില്‍ ഞായറാഴ്ച രാവിലെ ഒരു ഇന്ധ ടാങ്ക് പൊട്ടിത്തെറിച്ച് 28 പേര്‍ കൊല്ലപ്പെട്ടു. കരിഞ്ചന്ത വില്‍പ്പനക്കാരില്‍ നിന്നും സേന പിടിച്ചെടുത്ത ഇന്ധന ടാങ്കാണ് പൊട്ടിത്തെറിച്ചത്. ഈ ടാങ്കില്‍ നിന്നും പ്രദേശ വാസികള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും അപകടത്തില്‍പ്പെട്ടു. ലെബനോനില്‍ ഇന്ധന ക്ഷാമം അതി രൂക്ഷമാണ്. പെട്രോള്‍ പമ്പുകളിലെല്ലാം നീണ്ട വരികളാണ്. രാജ്യത്ത് വൈദ്യുതി വിതരണവും വെട്ടിക്കുറച്ചിരിക്കുകയാണ്.
ഇന്ധനം വാങ്ങാനായി ആളുകളുടെ വന്‍ തിക്കുംതിരക്കുമായിരുന്നു. ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുമ്പോള്‍ സമീപത്ത് 200ഓളം പേര്‍ ഉണ്ടായിരുന്നതായി റിപോര്‍ട്ടുണ്ട്. ഇതിനിടെ ചിലര്‍തമ്മില്‍ തര്‍ക്കമുണ്ടായി. ഇതു വെടിവെപ്പിലേക്ക് നയിക്കുകയും വെടികൊണ്ടാണ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതെന്നും റിപോര്‍ട്ടുണ്ട്. ടാങ്കിനു സമീപത്തുണ്ടായിരുന്ന ഒരാള്‍ ലൈറ്റര്‍ കത്തിച്ചതാണ് അപകട കാരണമെന്ന് പ്രാദേശിക വാര്‍ത്താ ചാനലും റിപോര്‍ട്ട് ചെയ്യുന്നു.
ഗുരുതരമായി പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ വദേശത്ത് കൊണ്ടു പോയി ചികിത്സിക്കേണ്ടി വരുമെന്ന് കാവല്‍ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായ ഹമദ് ഹസന്‍ പറഞ്ഞു.