Sorry, you need to enable JavaScript to visit this website.

ആരിഫിനെ തള്ളി സജി ചെറിയാന്‍; വിജിലന്‍സ് അന്വേഷണം ആവശ്യമില്ല

ആലപ്പുഴ- ദേശീയപാതാ പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട എ.എം ആരിഫ് എംപിയെ തള്ളി മന്ത്രിയും സി.പി.എം ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാന്‍.
ആരിഫ് ഉന്നയിച്ച വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും പാര്‍ട്ടി നേതാവെന്ന രീതിയില്‍ സുധാകരന് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്ന് സി.പി.എം പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തങ്ങളില്‍ പാര്‍ട്ടി എം.പി തന്നെ ക്രമക്കേട് ആരോപിച്ചത് സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. സി.പി.എമ്മില്‍ വിമര്‍ശനം നേരിടുന്ന  ജി. സുധാകരനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനായിരുന്നു എം.പിയുടെ ശ്രമം.
പാര്‍ട്ടിയോട് ആലോചിക്കാതെ, നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയര്‍ത്തിയത് സി.പി.എം നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു.  
പാര്‍ട്ടി ഘടകമായ ജില്ലാ കമ്മിറ്റിയില്‍ പോലും ആലോചിക്കാതെയാണ് ആരിഫ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കിയത്.  ഈ സാഹചര്യത്തിലാണ് ആരിഫിനെ തള്ളി സജി ചെറിയാന്റെ പ്രസ്താവന
2019ലാണ് ദേശീയപാതയുടെ പുനര്‍നിര്‍മാണം നടന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം. മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായപ്പോഴേക്കും റോഡില്‍ കുഴികള്‍ രൂപപ്പെട്ടെതായാണ് ആരിഫ് എം.പി കത്തില്‍ ചൂണ്ടിക്കാട്ടിയത്. ക്രമക്കേടുണ്ടെന്ന സംശയം ഉന്നയിച്ച കത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

Latest News