മുംബൈ- കഴിഞ്ഞയാഴ്ച ടോക്കിയോയില്‍ സമാപിച്ച ലോക കായിക മാമാങ്കമായ ഒളിംപിക്‌സില്‍ പങ്കെടുത്ത് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടാറ്റ മോട്ടോഴ്‌സ്. ഏവരുടേയും പ്രശംസയും പാരിതോഷികങ്ങളും വാരിക്കൂട്ടിയ സ്വര്‍ണവും വെള്ളിയും വെങ്കലും നേടിയ താരങ്ങള്‍ക്ക് വേണ്ടുവോളം പ്രോത്സാഹനം ലഭിച്ചപ്പോള്‍ പിന്നിലായി പോയ താരങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ടാറ്റ രംഗത്തു വന്നത്. ഇവര്‍ക്ക് ടാറ്റ് മോട്ടോഴ്‌സ് ഏറ്റവും പുതിയ പ്രീമിയം ഹാച്ബാക്കായ ആള്‍ട്രോസ് സമ്മാനമായി നല്‍കും. ഹൈ സ്ട്രീറ്റ് ഗോള്‍ഡ് കളറില്‍ സ്വര്‍ണക്കാറായാണ് ഇവ താരങ്ങള്‍ക്ക് നല്‍കുകയെന്ന് ടാറ്റ അറിയിച്ചു. ഈ താരങ്ങളുടെ പ്രകടനം മെഡലുകള്‍ക്കും അപ്പുറത്താണെന്നും ഇവര്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആള്‍ട്രോസ് അര്‍ഹിക്കുന്നവരാണെന്നുമാണ് ടാറ്റയുടെ പരസ്യം.
ചരിത്രത്തിലാദ്യമായി രാജ്യാന്തര തലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീം, ഗോള്‍ഫ് താരം അതിഥി അശോക്, ഗുസ്തി താരം ബജ്രംഗ് പുനിയ എന്നിവരാണ് ടോക്കിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനക്കാരായത്.