Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് അധ്യാപകന്‍ ആത്മഹത്യ  ചെയ്ത സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

മലപ്പുറം- സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് പ്രതികളുടെ അറസ്റ്റുണ്ടായേക്കും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപകന്‍ സുരേഷ് ചാലിയത്തിനെ മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് വേങ്ങര പൊലീസ് കേസെടുത്തിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലായതിനാല്‍ ഇന്നലെ കേസില്‍ കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. ആക്രമിച്ചവരെല്ലാം തന്നെ പരിസരവാസികളായതിനാല്‍ എല്ലാവരേയും ഇതിനകം തന്നെ പോലീസിന് മനസിലായിട്ടുണ്ട്. മര്‍ദ്ദിച്ചതിന് അയല്‍വാസികളായ ചിലര്‍ ദൃക്‌സാക്ഷികളുമാണ്. മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തില്‍ ഇന്നലെയാണ് സിനിമാ നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ അധ്യാപകന്‍ സുരേഷ് ചാലിയത്ത് വീട്ടില്‍ തൂങ്ങി മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഇന്ന് സംസ്‌ക്കരിക്കും.
പ്രശസ്ത ചിത്രകാരനും സ്‌കൂള്‍ അധ്യാപകനും സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ 'രശ്മി'യുടെ സജീവപ്രവര്‍ത്തകനുമായിരുന്നു സുരേഷ്. ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
അക്രമിസംഘം അസഭ്യവര്‍ഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം. സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാര്‍ അടക്കമുള്ളവര്‍ പറയുന്നത്. ഇന്നലെ രാവിലെയാണ് വീട്ടിനുള്ളില്‍ സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

Latest News