ന്യൂദല്‍ഹി- വന്‍ വികസന പദ്ധതികളുടെ പ്രഖ്യാപനത്തോടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. 'ആസാദി കാ അമൃത് മഹോത്സവ്' രണ്ടു വര്‍ഷം നീണ്ടു നില്‍ക്കും. രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് 100 ശതമാനം വിജയം ലക്ഷ്യമിട്ട് 100 ലക്ഷം കോടി രൂപയുടെ 'ഗതി ശക്തി' പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.
ഉജ്വല ഭാരത് തൊട്ട് ആയുഷ്മാന്‍ ഭാരത് വരെയുള്ള പദ്ധതികളിലൂടെ രാജ്യത്തെ പാവപ്പെട്ടവര്‍ സര്‍ക്കാര്‍ പദ്ധതികളുടെ കരുത്ത് അറിയും. നമ്മുടെ ലക്ഷ്യം ഇനി പരിപൂര്‍ണതയാണ്. 100 ശതമാനം ഗ്രാമങ്ങളിലും റോഡ് ഉണ്ടായിരിക്കും. 100 കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കും. 100 ശതമാനം ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ ഭാരത് ആനൂകൂല്യം ലഭിക്കും. യോഗ്യതയുള്ള 100 ശതമാനം വ്യക്തികള്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭിക്കും- ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനും ഗതി ശക്തി എന്ന പേരില്‍ 100 ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധഥി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സൈനിക് സ്‌കൂളുകളില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 75 ആഴ്ച കൊണ്ട് എത്തുന്ന 75 വന്ദേഭാരത് ട്രെയ്‌നുകള്‍ ഓടൂം. ഭാവിയില്‍ ഓഗസ്റ്റ് 14 വിഭജന ഭീകരതയുടെ ഓര്‍മ ദിനമായി ആചരിക്കുമെന്നും പ്രധാമനന്ത്രി മോഡി പ്രഖ്യാപിച്ചു.