Sorry, you need to enable JavaScript to visit this website.

ഇന്ത്യ - സഹനത്തിന്റെ ബലിഷ്ഠ സുരക്ഷയിൽ

എല്ലാ വൈജാത്യങ്ങളും ഒരുമിച്ചുചേർന്നാണ് അലമാലകൾ തീർത്തത്. ആ ഗാംഭീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് അവർ യൂണിയൻ ജാക്ക് പതാക അഴിച്ചുവെക്കാൻ സമ്മതിച്ചത്. ത്രിവർണ്ണം തീർത്ത ചാരുതയിലാണ് രാഷ്ട്രം സ്വതന്ത്രയായത്. അഭിമാനപൂർവ്വം നമുക്ക് ജൈത്രയാത്ര തുടരാം. കാലം കാത്തുവെച്ച പൂർവ്വശോഭയുടെ പൊൻപുലരി അകലെയല്ലെന്ന ശുഭാപ്തി വിശ്വാസത്തോടെ.

 
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാണ് നമ്മളിന്ന് ആഘോഷിക്കുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം പരാജയപ്പെട്ട ശേഷമാണ് ഇന്ത്യക്ക് മുകളിൽ ബ്രിട്ടൻ പിടിമുറുക്കിയത്. റോബർട്ട് ക്‌ളൈവിന്റെ സൈന്യം പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബ് സിറാജുദ്ദൗളയെ പരാജയപ്പെടുത്തിയ 1757 മുതലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അധികാര സോപാനത്തിലേക്ക് കാലെടുത്തു വെച്ചത്. അപ്പഴേക്കുമവർ വ്യാപാരത്തിലും ചെറിയ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കുന്നതിലും മറ്റും വ്യാപാരിച്ചുകൊണ്ട് ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടുണ്ടായിരുന്നു. അങ്ങനെ ഇന്ത്യ ഏകദേശം രണ്ട് ശതകം ബ്രിട്ടീഷാധിപത്യത്തിന്റെ അടിമച്ചങ്ങലയിൽ തളച്ചിടപ്പെട്ടു.
 ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായിരുന്നു ഇന്ത്യ. അന്നത്തെ ലോകവിപണിയിൽ വിൽക്കപ്പെടുന്ന തുണിത്തരങ്ങളിൽ 50% വും സിൽക്കിന്റെ 80%വും ഇറക്കുമതി ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിൽനിന്നാണ്. അതുപോലെ തന്നെ സ്വർണ്ണം, വെള്ളി, പവിഴം എന്നിവക്ക് പകരമായി സുഗന്ധദ്രവ്യങ്ങളും ബോക്‌സയ്റ്റ്, ഇരുമ്പ്, ചെമ്പ്, നീലം, ഉപ്പ്, പഞ്ചസാര, ആനക്കൊമ്പ്, കരകൗശല വസ്തുക്കൾ ഒട്ടനേകം വിലപിടിപ്പുള്ളതും അത്യന്താപേക്ഷിതവുമായ വസ്തുക്കൾ ലോകവിപണിയിലെത്തിയത് ഇന്ത്യയിൽ നിന്നായിരുന്നു. ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) 27%മായിരുന്നു ഇന്ത്യയുടെ പങ്ക്. രണ്ടാം സ്ഥാനം ചൈനക്കായിരുന്നു, 23%. അതായത് ഇന്ന് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ 24% എന്ന സൂചികയേക്കാൾ മുൻപന്തിയിലായിരുന്നു നമ്മുടെ രാജ്യത്തിന്റെ സമ്പന്നത.
റോമൻ സാമ്രാജ്യം സാമ്പത്തികമായി തകർന്നടിയുമ്പോൾ നീറോ ചക്രവർത്തി വീണവായിക്കുകയായിരുന്നു എന്ന് പറയാറുണ്ട്. എന്നാൽ നീറോക്ക് പിറകെ ചക്രവർത്തിയായി വന്ന വെസ്പാസിയന്റെ കമാൻഡറും ഇന്ത്യാ ചരിത്രത്തിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള ചരിത്രകാരനുമായ പ്ലിനിയുടെ മുഖ്യ വിഷമം വ്യാപാരഇടപാടിൽ റോം ഇന്ത്യക്ക് നൽകാനുള്ള കുടിശ്ശികയായിരുന്നു. ബി.സി. ഒന്നാം നൂറ്റാണ്ട് തൊട്ട്, ഒരുപക്ഷെ അതിനും എത്രയോ മുൻപ് തൊട്ട്, ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിക്കുംവരെ 25% - 35% ത്തിനിടക്കായിരുന്നു ലോക ആഭ്യന്തര ഉൽപാദനത്തിൽ ഇന്ത്യയുടെ വിഹിതം. എന്നാൽ 1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ ഇന്ത്യയുടെ ജി.ഡി.പി കേവലം രണ്ട് ശതമാനമായി കൂപ്പുകുത്തി. 
 
1600 - ലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിക്കപ്പെട്ടത്. ഇന്ത്യയുമായും കിഴക്കൻ ഏഷ്യയുമായും കച്ചവടം ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കമ്പനി സ്ഥാപിച്ചത്. എന്നാൽ, നൂറുവർഷം പിന്നിടുമ്പോഴേക്കും ലോക വിപണിയുടെ പകുതിയും നിയന്ത്രിച്ചത് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്. നൂറ്റമ്പത് വർഷമായപ്പോഴേക്കും അധികാര രാഷ്ട്രീയവും കോളനിവൽക്കരണവും  ആരംഭിച്ചിരുന്നു. ഇന്നറിയപ്പെടുന്ന ഇരുന്നൂറിലധികം രാഷ്ട്രങ്ങളിൽ വെറും 22 രാഷ്ട്രങ്ങളാണ് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വരുതിക്ക് പുറത്തുണ്ടായിരുന്നത്. ബ്രിട്ടന്റെ അധീനതയിലായിരുന്ന വലിയ രാജ്യങ്ങളായ കാനഡ, വടക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ഐസ്‌ലാൻഡ് എന്നിവിടങ്ങൾ കീഴടക്കിയത് കാർഷികാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ പുത്രികാ പദവിയുള്ള രാജ്യങ്ങളായിരുന്നു ഇവയെല്ലാം. പുത്രികാ രാജ്യങ്ങൾക്കും, ക്രൗൺ കോളനികൾക്കും, പ്രൊപ്രൈറ്ററി കോളനികൾക്കും, സംരക്ഷിത കോളനികൾക്കും, ഉടമ്പടി തുറമുഖങ്ങൾക്കും ഒരുപാട് ഇളവുകൾ ബ്രിട്ടൻ അനുവദിച്ചിരുന്നു. എന്നാൽ ഇന്ത്യ ബ്രിട്ടീഷ് രാജിന് കീഴിലായിരുന്നു. അതായത്, ഇന്ത്യയുടെ ഭൂമിക്കുമേൽ, ജനങ്ങൾക്കുമേൽ, സമ്പത്തിനുമേൽ സമ്പൂർണാധിപത്യം സ്ഥാപിച്ചുകൊണ്ടുള്ള ഭരണം.
1799 ലെ ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പുവിന്റെ പതനത്തോടെ മൈസൂർ സ്റ്റേറ്റും 1819ലെ മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തോടെ മാറാത്തയും 1849ലെ ആംഗ്ലോ-സിഖ് യുദ്ധത്തോടെ പഞ്ചാബും കശ്മീരും ബ്രിട്ടീഷ് അധീനതയിൽ വന്നു. പിന്നീട് നടന്ന ജനകീയ പ്രതിവിപ്ലവമായ 1857ലെ ശിപായി ലഹള കൂടി പരാജയപ്പെട്ടതോടെ ഡൽഹി കേന്ദ്രീകരിച്ച് ഇന്നത്തെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ബർമ്മ, ഏദൻ മുതലായ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ബ്രിട്ടീഷ് രാജ് രൂപീകരിച്ചു. ഇന്ത്യ എക്കാലവും ബ്രിട്ടന്റെ അധീനതയിൽ നിലനിർത്തുക എന്നതായിരുന്നു ലക്ഷ്യം.
 
പ്രത്യക്ഷത്തിൽ നോക്കിയാൽ ഈ കോളനിവൽക്കരണത്തിന്റെ പിന്നിൽ കച്ചവടമായിരുന്നുവെന്ന് തോന്നിയേക്കാം. എന്നാൽ, ഇന്ത്യക്കുമേൽ അപ്രമാദിത്വം സ്ഥാപിച്ചതിന്റെ മൂലകാരണം അറിവിന് മേലുള്ള ആധിപത്യം സ്ഥാപിച്ചെടുക്കലായിരുന്നു. ഇന്ത്യയുടെ ജ്ഞാനതലം മറ്റു പുരാതന സംസ്‌കാരങ്ങളെക്കാൾ കാമ്പുള്ളതാണ്. പേർഷ്യൻ സാമ്രാജ്യം മജൂസിയൻ മതസംസ്‌കാരത്തിന്റെ കുത്തക പേറുന്നതായിരുന്നെങ്കിൽ റോമൻ സാമ്രാജ്യം ക്രൈസ്തവ മതത്തിന്റെ സമ്പൂർണ്ണാധിപത്യമായിരുന്നു. എന്നാൽ ഇന്ത്യ അങ്ങനെ ഒരു വ്യവസ്ഥയുടെയും കെട്ടുപാടുകളിൽ വശീകരിക്കപ്പെട്ടിരുന്നില്ല. ഇന്ത്യയുടേത് സനാതന സംസ്‌കൃതിയായിരുന്നു. നന്മയെ, അതെവിടെനിന്ന് വന്നതാണെങ്കിലും, കൂട്ടിച്ചേർത്ത് മുന്നേറുന്നതിലായിരുന്നു സനാതന ധർമ്മത്തിന്റെ കാതൽ. വൈദേശികമായി കടന്നുവന്ന ആര്യന്മാരുടേതും ഇവിടെ പെറ്റുവളർന്ന ബൗദ്ധ ജൈന പാരമ്പര്യത്തിന്റേതും മധ്യേഷ്യയിൽ നിന്നുംവന്ന ജൂത, ക്രൈസ്തവ, ഇസ്ലാം വിശ്വാസങ്ങളുടെയും അന്തസ്സത്തകൾ കലർപ്പറിയാത്തവിധം വിളങ്ങിനിന്നതാണ് ഇന്ത്യയുടെ ഭൂതകാലം. ഈ സവിശേഷത കൊണ്ടുതന്നെ പ്രതലം മാത്രമല്ല ഉൾക്കാമ്പും കരുത്തുറ്റതായിരുന്നു. ഈ ജ്ഞാനയാനമാണ് വികലവും വികൃതവുമാക്കി കോളനിഭരണം നശിപ്പിച്ചത്.
 
ബ്രിട്ടനും മറ്റു യൂറോപ്യൻ രാജ്യങ്ങളും കളിച്ച കളിയുടെ പേരാണ് 'അറിവിനെ കീഴടക്കുക'. അധികാരം ലഭിക്കാൻ സമ്പന്നമാകുക. സമ്പന്നമായി തുടരാൻ ശക്തി നിലനിർത്തുക. രണ്ടും സാധ്യമാകുവാൻ അറിവിന് മുകളിൽ ആധിപത്യം കൊണ്ടുവരിക. ഇതാണ് ഇന്ത്യയിൽ ബ്രിട്ടൻ പയറ്റിയതും വിജയിപ്പിച്ചതും. ഇന്ത്യക്കാർക്ക് ചരിത്രനിർമ്മിതി വശമില്ലായിരുന്നു. കേരളത്തിന്റെ ആധുനിക ചരിത്ര ഗ്രന്ഥമായി അറിയപ്പെടുന്ന തുഹ്ഫതുൽ മുജാഹിദീൻ രചിക്കപ്പെടുന്നത് 1580 - ലാണ്; കൊളോണിയലിസത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഇതിവൃത്തം. കൊളോണിയലിസം നിർമ്മിച്ച പക്ഷപാതിത്വ ചരിത്രമാണ് നാം പിന്തുടരുന്നത്. അത് വികലമാണെന്ന് മാത്രമല്ല, ഇന്ത്യയുടെ മതസഹിഷ്ണുതാ പൈതൃകത്തിന് നിത്യഹാനി വരുത്തിവെച്ചതുമാണ്. നമ്മൾ തമ്മിലടിക്കുക, നാശമടയുക എന്നതാണ് ബ്രിട്ടീഷ് ലക്ഷ്യം. ഇന്ത്യയെക്കുറിച്ചുള്ള അധിക വായനക്ക്, പഠനത്തിന് എല്ലാം ഇന്നും നമ്മളാശ്രയിക്കുന്നത് പടിഞ്ഞാറിനെയാണ്. അതാണ് പടിഞ്ഞാറ് ചെയ്തുവെച്ചതും.
 
ത്യാഗമാണ് ആഘോഷത്തിന്റെ അടിസ്ഥാനം. ഓർക്കേണ്ടതും അതുതന്നെയാണ്. സഹസ്രങ്ങളായ മുൻഗാമികൾ ജീവൻ ഹോമിച്ചതിന്റെ അനന്തരമാണ് ഭാരതം എന്ന രാജ്യം. മലയും പുഴയും തീർക്കുന്ന അതിരുകളിലല്ല ഭാരതത്തെ തിരയേണ്ടത്, എണ്ണമറ്റ മാനവ മനുഷ്യമനസ്സുകളിലാണ് ഭാരതം കുടികൊള്ളുന്നത്. എഴുപത്തിയഞ്ചിന്റെ അഴിമുഖത്ത് നിൽക്കുമ്പോൾ അലയടിക്കുന്ന ആ സമുദ്ര സാകല്യത്തിലേക്ക് ഒന്ന് ശ്രദ്ധിക്കണം. അവിടെ എല്ലാ വൈജാത്യങ്ങളും ഒരുമിച്ചുചേർന്നാണ് അലമാലകൾ തീർത്തത്. ആ ഗാംഭീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് അവർ യൂണിയൻ ജാക്ക് പതാക അഴിച്ചുവെക്കാൻ സമ്മതിച്ചത്. ത്രിവർണ്ണം തീർത്ത ചാരുതയിലാണ് രാഷ്ട്രം സ്വതന്ത്രയായത്. ഐകമത്യവും സഹനവും തീർത്ത ബലിഷ്ഠ സുരക്ഷയാണ് കാലത്തിന്റെ വാഗ്ദാനം. ഇന്ത്യ എന്നൊരു രാജ്യം നാല് പതിറ്റാണ്ട് തികക്കുകയില്ലെന്ന് തീർപ്പുകൽപിച്ചവർ കലായവനികക്ക് പിന്നിൽ മറഞ്ഞു. ഇന്ത്യ അജയ്യമായി നിലനിൽക്കുന്നു. അഭിമാനപൂർവ്വം നമുക്ക് ജൈത്രയാത്ര തുടരാം. കാലം കാത്തുവെച്ച പൂർവ്വശോഭയുടെ പൊൻപുലരി അകലെയല്ലെന്ന ശുഭാപ്തി വിശ്വാസത്തോടെ.
 

Latest News