കാബൂള്‍- കോവിഡിനെതിരായ വാക്‌സിനേഷന്‍ നിരോധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നത് എന്നാണ് ഷംഷദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടുത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് അഫ്ഗാനിസ്ഥാനില്‍ പ്രധാനമായും കോവിഡ് വാക്‌സിന്‍ എത്തുന്നത്.ഈ പ്രദേശത്ത് കഴിഞ്ഞാഴ്ചയാണ് താലിബാന്‍ പിടിമുറുക്കിയത്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ മുന്നേറ്റം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഖാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാന്‍ പിടിച്ചടക്കി. അതിനിടെ, സമാധാനനീക്കങ്ങള്‍ക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. ഖാണ്ഡഹാര്‍ പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മൂന്ന് തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാന്‍ പിടിയിലായത്.
കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗര്‍ പ്രവിശ്യയാണ് ഏറ്റവും ഒടുവില്‍ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനില്‍ ആകെയുള്ള 34 പ്രവിശ്യകളില്‍ 18 പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലായി.കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനില്‍പ്പ് തുടരുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്താക്കുമ്പോഴും, പല മേഖലകളിലും കാര്യമായ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാന്‍ മുന്നേറ്റം. സമാധാന നീക്കങ്ങള്‍ക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ അറിയിച്ചു.സംഘര്‍ഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടനും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അവരവരുടെ പൗരന്‍മാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമാക്കുകയാണ് ഇരുരാജ്യങ്ങളും. സുരക്ഷിത പാതയൊരുക്കി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഈ ആഴ്ച തന്നെ തിരികെ എത്തിക്കാനാണ് ശ്രമം.