ലണ്ടന്‍- തെക്കന്‍ ഇംഗ്ലണ്ടിലെ പ്ലൈമോത്തില്‍ 22കാരന്‍ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചു. ക്രെയ്ന്‍ ഓപറേറ്റായിരുന്ന ജെയ്ക് ഡേവിസണ്‍ എന്ന യുവാവാണ് വ്യാഴാഴ്ച വൈകീട്ട് കൂട്ടവെടിവെപ്പ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് തീവ്രവാദവുമായോ വലതുപക്ഷ തീവ്രവാദ സംഘടനകളുമായോ ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. പൊതുനിരത്തിലാണ് ആക്രമണം അരങ്ങേറിയത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്കാണ് ജെയ്ക് താനറിയുന്ന ഒരു 51കാരിയെ വെടിവച്ചു കൊന്നത്. പിന്നീട് പുറത്തിറങ്ങിയ ജെയ്ക് മൂന്ന് വയസ്സുകാരിയേയും കൂടെ ഉണ്ടായിരുന്ന 43കാരനേയും വെടിവച്ചിട്ടു. സമീപത്തുകൂടി നടന്നു പോകുകയായിരുന്ന മറ്റു രണ്ടു പേരേ കൂടി വെടിവച്ചു. പോലീസെത്തി കീഴ്‌പ്പെടുത്തുന്നതിനു മുമ്പ് തന്നെ ജെയ്ക് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാ തീര്‍ന്നു.
ബ്രിട്ടനില്‍ വെടിവെപ്പ് ആക്രമണം അപൂര്‍വമാണ്. 12 പേര്‍ കൊല്ലപ്പെട്ട 2010ലെ വെടിവെപ്പ് ആക്രമണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിത്. പ്രതി ജെയ്ക്കിന് ആയുധ ലൈസന്‍സ് ഉണ്ടായിരുന്നതായും കണ്ടെത്തി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കപ്പെടുന്നു.