ഗുവാഹത്തി- അസമില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ബീഫ് വില്‍പ്പന വിലക്കുന്ന കന്നുകാലി സംരക്ഷണ ബില്‍ നിയമസഭയില്‍ പാസാക്കി. പ്രതിപക്ഷമായ കോണ്‍ഗ്രസും എഐയുഡിഎഫും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഹിന്ദു, സിഖ്, ജൈന തുടങ്ങി ബീഫ് ഭക്ഷിക്കാത്ത മതവിഭാഗക്കാര്‍ ഭൂരിപക്ഷമുല്ല പ്രദേശങ്ങളിലും ക്ഷേത്രങ്ങളുടേയും വൈഷ്ണവ സത്രങ്ങളുടേയും അഞ്ച് കിലോമീറ്റര്‍ പരിധിയിലും ബീഫ് വില്‍പ്പന വിലക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസും എഐയുഡിഎഫും ഇറങ്ങിപ്പോക്ക് നടത്തിയത്.
ക്ഷേത്രങ്ങളുടേയും സത്രങ്ങളുടേയും അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളിലെ ബീഫ് വില്‍പ്പന വിലക്കുന്നതടക്കം 75 ഭേദഗതികളാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാനാണ് ഈ വകുപ്പെന്ന് ചൂണ്ടിക്കാട്ടി ഭേദഗതികളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ജൂലൈ 12നാണ് ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് ബില്‍ പാസാക്കിയത്. ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം വിളികളോടെയാണ് ഇത് ആഘോഷിച്ചത്.
അസമിലെ ഗ്രാമങ്ങളില്‍ കന്നുകാലികളെ ഒരു നിക്ഷേപമെന്ന നിലയിലാണ് ജനങ്ങള്‍ വളര്‍ത്തുന്നത്. മക്കളുടെ വിദ്യാഭ്യാസ, വിവാഹ ആവശ്യങ്ങള്‍ക്ക് കന്നുകാലികളെ വില്‍പ്പന നടത്തിയാണ് പണം കണ്ടെത്തുന്നത്. ഈ ബില്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുക ഈ സാമ്പത്തിക ക്രയവിക്രയങ്ങളേയാണ്- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റാകിബുല്‍ ഹുസൈന്‍ പറഞ്ഞു.