Sorry, you need to enable JavaScript to visit this website.

വാക്‌സിനുകള്‍ മിക്‌സ് ചെയ്യുന്നത് കമ്പനികള്‍ തമ്മിലുള്ള വഴക്കിന് ഇടയാക്കുമെന്ന് സിറം സ്ഥാപകന്‍

പൂനെ- കോവിഡ് വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നതായി വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സൈറസ് പൂനവാല. ഒന്നാം ഡോസ് ഒരു കമ്പനിയുടെ വാക്‌സിനും രണ്ടാം ഡോസ് മറ്റൊരു കമ്പനിയുടെ വാക്‌സിനും കലര്‍ത്തി ഉപയോഗിക്കുന്നത് മരുന്ന് കമ്പനികള്‍ തമ്മിലുള്ള വഴക്കിന് ഇടവരുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത വാക്‌സിനുകള്‍ കലര്‍ത്തി ഉപയോഗിക്കുന്നതിന് ഞാന്‍ എതിരാണ്. ഇങ്ങനെ മിക്‌സ് ചെയ്യേണ്ട ആവശ്യമില്ല- അദ്ദേഹം പറഞ്ഞു. ആയിരക്കിന് ആളുകള്‍ക്കിടയില്‍ നടത്തിയ വാക്‌സിന്‍ മിക്‌സ് പരീക്ഷണത്തില്‍ ഇതിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

രണ്ട് വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് ഉപയോഗിച്ച ശേഷം നല്ല ഫലം ലഭിച്ചില്ലെങ്കില്‍ മറ്റേ കമ്പനിയുടെ വാക്‌സിന്‍ നല്ലതായിരുന്നില്ലെന്ന് സിറം ഇന്‍സ്റ്റിയൂട്ട് പറയും. ഇതു പോലെ ആ കമ്പനിയും ആരോപിക്കും. ഇത് കമ്പനികള്‍ തമ്മിലുള്ള വഴക്കിനിടയാക്കും- സൈറസ് പൂനവാല പറഞ്ഞു. 

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്‌സിനും ഒന്നും രണ്ടും ഡോസുകളായി മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ മികച്ച രോഗപ്രതിരോധ ശേഷി ലഭിക്കുന്നതായി ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Latest News