ന്യൂദൽഹി- കരിപ്പൂർ വിമാനതാവളത്തെ ഹജ് എംബാർക്കേഷൻ പോയിന്റായി നിലനിർത്താനുള്ള മോഹത്തിന് മേൽ കരിനിഴൽ. കരിപ്പൂരിന് പകരം നെടുമ്പാശേരി വിമാനതാവളത്തെ തന്നെ നിലനിർത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. കരിപ്പൂരിനേക്കാൾ വലിയ വിമാനതാവളമായത് കൊണ്ടാണ് നെടുമ്പാശേരിയെ ഹജ് എംബാർക്കേഷൻ പോയിന്റായി നിലനിർത്തുന്നതെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. കരിപ്പൂരിനെ ഹജ് എംബാർക്കേഷൻ പോയിന്റായി നിലനിർത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം, അപേക്ഷകരുടെ എണ്ണം അനുസരിച്ച് ഹജ് ക്വാട്ട നിശ്ചയിക്കുന്നതിൽ ജനസംഖ്യയാണ് മാനദണ്ഡമാക്കേണ്ടതെന്നം അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ക്വാട്ട നിശ്ചയിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഹജ്് ക്വാട്ട നിശ്ചയക്കേണ്ടത് അപേക്ഷകരുടെ എണ്ണം കണക്കാക്കി വേണമെന്ന കേരള ഹജ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങൾക്ക് ഹജ് ക്വാട്ട നിശ്ചയിക്കുന്നതിന് 2012-17 വർഷത്തെ ഹജ് നയത്തിൽ തുടർന്ന അതേ മാനദണ്ഡം തെന്നയാണ് ഇപ്പോവും പിന്തുടരുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
കൂടുതൽ അപേക്ഷകർ ഉള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ ക്വാട്ട അനുവദിക്കണമെന്നത് വാണിജ്യ കാഴ്ച്ചപ്പാടാണ്. ഇത് പിന്തുടരാനാകില്ല. ലാഭം പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹജ് കമ്മിറ്റിയെന്നും കേന്ദ്രം വ്യക്തമാക്കി.