ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി തങ്ങളോട് സഹകരിച്ചില്ലെന്നും ഇതാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്നും താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'താലിബാന്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലേക്ക് വരുമ്പോള്‍ തങ്ങളെ മുന്‍കൂട്ടി അറിയിക്കണമെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. ഞങ്ങളുടെ സ്ഥലങ്ങളിലേക്ക് വരുമ്പോള്‍ ഞങ്ങളുമായി സഹകരിച്ചാല്‍ സുരക്ഷ നല്‍കും. എന്നാല്‍ ഡാനിഷ് അഫ്ഗാന്‍ സേനയോടൊപ്പമാണ് വന്നത്. ഇങ്ങനെ വന്നാല്‍ സൈനികനെന്നോ സുരക്ഷാ ഉദ്യോഗസ്ഥനെന്നോ പോരാളി എന്നോ മാധ്യമപ്രവര്‍ത്തകനെന്നോ വ്യത്യാസമില്ല. അദ്ദേഹം കൊല്ലപ്പെട്ടത് പരസ്പരമുള്ള വെടിവെപ്പാക്രമണത്തിലാണ്. അതുകൊണ്ട് ആരുടെ വെടിയേറ്റാണ് മരിച്ചതെന്ന് അറിയില്ല. താലിബാനാണ് കൊന്നതെന്ന വാദം നേരത്തെ തന്നെ ഞങ്ങള്‍ തള്ളിയിട്ടുണ്ട്'- താലിബാന്‍ വക്താവ് പറഞ്ഞു. ദോഹയിലെ താലിബാന്‍ ഓഫീസിലെ രാഷ്രീയ കാര്യ വക്താവാണ് സുബൈല്‍ ഷഹീന്‍. ഇവിടെ നിന്നാണ് അദ്ദേഹം എന്‍ഡിടിവിക്ക് അഭിമുഖം നല്‍കിയത്. അഫ്ഗാന്റെ 90 ശതമാനം ഭാഗങ്ങളും താലിബാന്‍ നിയന്ത്രണത്തിലായതായും അദ്ദേഹം അവകാശപ്പെട്ടു.
കൊല്ലപ്പെട്ട ഡാനിഷിന്റെ മൃതദേഹം വികൃതമാക്കിയതായും റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണം ഞങ്ങള്‍ മൂന്ന് തവണ തള്ളിക്കളഞ്ഞതാണെന്നും സുഹൈല്‍ ഷഹീന്‍ പറഞ്ഞു. മൃതദേഹം വികൃതമാക്കല്‍ ഞങ്ങളുടെ നയമല്ല. ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ അഫ്ഗാന്‍ സേന ചെയ്തതാകാം അത്. മൃതദേഹം വികൃതമാക്കുക എന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്- അദ്ദേഹം പറഞ്ഞു.
ഏതു മാധ്യമ പ്രവര്‍ത്തകര്‍ക്കും വേണമെങ്കില്‍ ഞങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ വരാം റിപോര്‍ട്ട് ചെയ്യാം. അവര്‍ക്ക് വേണമെങ്കില്‍ ഓഫീസും തുറക്കാം. എന്താണ് നടക്കുന്നതെന്ന് നേരിട്ട് കാണുകയും ചെയ്യാം- സുഹൈല്‍ ഷഹീന്‍ പറഞ്ഞു.