മുംബൈ- മതിയായ പാര്‍ക്കിങ് ഇടം ഇല്ലാത്ത പൗരന്മാര്‍ക്ക് നിരവധി വാഹനങ്ങള്‍ വാങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കരുതെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയില്‍ വാഹന പാര്‍ക്കിങ് ഇടം സംബന്ധിച്ച ഒരു ഏകീകൃത നയമില്ലാത്തതില്‍ കോടതി അമര്‍ഷം പ്രകടിപ്പിച്ചു. മതിയായ പാര്‍ക്കിങ് ഇടം ലഭ്യമല്ലാത്ത, ഒരു ഫ്‌ളാറ്റ് മാത്രമുള്ള കുടുംബത്തെ നാലോ അഞ്ചോ കാറുകള്‍ വാങ്ങാന്‍ അനുവദിക്കരുത്- ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കെട്ടിട നിര്‍മാതാക്കള്‍ക്ക് പാര്‍ക്കിങ് ഇടം വെട്ടിക്കുറക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ സര്‍ക്കാര്‍ കെട്ടിട നിര്‍മാണ ചട്ടം ഭേദഗതി ചെയ്തതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇങ്ങനെ നിര്‍ദേശിച്ചത്. പുതിയ അപാര്‍ട്‌മെന്റ് കോളനികളില്‍ നിര്‍മാതാക്കള്‍ വേണ്ടത്ര പാര്‍ക്കിങ് ഇടം നല്‍കുന്നില്ലെന്നും ഇതുമൂലം വാഹനങ്ങള്‍ ഹൗസിങ് സൊസൈറ്റികളുടെ പുറത്ത് പാര്‍ക്ക് ചെയ്യുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പുതിയ കാറുകള്‍ വാങ്ങുന്നത് കുറക്കണം. വാങ്ങുന്നവര്‍ക്ക് മതിയായ പാര്‍ക്കിങ് ഇടം ഉണ്ടോ എന്ന് അധികൃതര്‍ പരിശോധിക്കണമെന്നും കോടതി പറഞ്ഞു. കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ ഭേദഗതിയെയും കോടതി വിമര്‍ശിച്ചു. വാഹന പാര്‍ക്കിങ് നയത്തിന് മതിയായ ഒരു രൂപം നല്‍കിയില്ലെങ്കിലും കോലാഹലമാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. എല്ലാ റോഡുകളും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റോഡുകളുടെ ഇരുവശത്തുമായി 30 ശതമാനവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അപഹരിച്ചിരിക്കുന്നു. ഇതൊരു സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.