ഇന്ത്യന്‍ സ്ത്രീകള്‍ക്ക് രണ്ടാമതൊരു കുഞ്ഞിനെ വേണ്ട, എന്തു കൊണ്ട്?

ന്യൂദല്‍ഹി- ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം പതിറ്റാണ്ടിനിടെ പകുതിയിലേറെ കുറഞ്ഞു.
49 വയസ്സിനു താഴെ പ്രായമുള്ളവരില്‍ വെറും 24 ശതമാനം പേര്‍ മാത്രമാണ് രണ്ടാമതൊരു കുഞ്ഞു കൂടി ജനിക്കണമെന്ന് ആഗ്രഹിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് 68 ശതമാനം സ്ത്രീകളും ഇങ്ങനെ ആഗ്രഹിച്ചിരുന്നു. ദേശീയ കുടുംബ ആരോഗ്യ സര്‍വെ നാലാം ഘട്ട റിപ്പോര്‍ട്ടിലേതാണ് ഈ കണക്കുകള്‍.
 
ഈ സര്‍വെ പ്രകാരം 15-നും 49-നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകളില്‍ നാലിലൊന്ന് മാത്രമെ രണ്ടാം കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നുള്ളൂ. ഈ ആഗ്രഹമുള്ള പുരുഷന്‍മാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് 49 ശതമാനം പുരുഷന്‍മാര്‍ക്കും ഇങ്ങനെ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 27 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.
 
ഇതിനു പലകാരണങ്ങളും ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഉയര്‍ന്ന ചെലവ്, തൊഴില്‍പരമായ കാരണങ്ങള്‍, വൈകിയുള്ള ഗര്‍ഭധാരണം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി എണ്ണുന്നത്. നഗരവാസികളും വിദ്യാസമ്പന്നരുമായ ദമ്പതികള്‍ ഭൂരിപക്ഷവും 35-45 വയസ്സിനിടയിലാണ് ആദ്യ പ്രസവത്തിന് ആശുപത്രിയിലെത്തുന്നത്.
 
ദേശീയ കുടുംബാരോഗ്യ സര്‍വേ അടിസ്ഥാനമാക്കിയിരിക്കുന്ന കണക്കുകള്‍ 2011-ലെ സെന്‍സസ് റിപ്പോര്‍ട്ടാണ്. ഇന്ത്യയിലെ 54 ശതമാനം സ്ത്രീകള്‍ക്കും രണ്ടോ അതില്‍ താഴെയോ കുട്ടികളെ ഉള്ളൂവെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. കൂടാതെ, 25-നും 29-നുമിടയില്‍ പ്രായമുള്ള 16 ശതമാനം സ്ത്രീകള്‍ക്കും കുട്ടികളില്ല.
 
 
 
 

Latest News