ലഖ്നൗ- ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 2013-ല്‍ മുസ്ലിംകള്‍ക്കെതിരെ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ബിജെപി നേതാക്കളെ രക്ഷിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കം.
ബിജെപി നേതാക്കളായ യുപി മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ എംപി, ഭര്‍തേന്ദു സിങ് എംപി, ഉമേഷ് മാലിക് എല്‍എല്‍എ, ബിജെപി ഭാരവാഹി സാധ്വി പ്രാചി എന്നിവര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതിനാണ് നീക്കം ആരംഭിച്ചത്. കേസിന്റെ നിലവിലെ സ്ഥിതിയും പൊതുതാല്‍പര്യം കണക്കിലെടുത്ത് പിന്‍വലിക്കുന്നതിനുള്ള സാധ്യതയും ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മുസഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റില്‍നിന്നും ജില്ലാ പോലീസ് മേധാവിയില്‍നിന്നും മറുപടി തേടി.
മുസഫര്‍നഗര്‍ കോടതിയുടെ പരിഗണനയിലുള്ള ഒമ്പത് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നതിനാണ് നിയമ വകുപ്പ് വഴി സര്‍ക്കാര്‍ അഭിപ്രായം തേടിയിരിക്കുന്നത്. ജനുവരി അഞ്ചിനയച്ച കത്തില്‍ കേസ് പിന്‍വലിക്കുന്നതുള്‍പ്പെടെ 13 കാര്യങ്ങള്‍ക്കാണ് മറുപടി തേടിയത്. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.
കത്തില്‍ മന്ത്രിയും എംപിമാരും എംഎല്‍എയും ഉള്‍പ്പെടുന്ന ബിജെപി നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ല. കേസിന്റെ ഫയല്‍ നമ്പര്‍ മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇവയെല്ലാം ഈ നേതാക്കള്‍ പ്രതികളായ കേസുകളാണ്. നിരോധനാജ്ഞ ലംഘനം, ജനങ്ങളെ ഇളക്കി വിടല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഈ നേതാക്കള്‍ക്കെതിരെ നിലവിലുള്ളത്.
63 പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്ത മുസഫര്‍നഗറില്‍ മുസ്്‌ലിംകള്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങള്‍ക്ക് തുടക്കമിട്ട മഹാപഞ്ചായത്തില്‍ ഈ നേതാക്കളും പങ്കെടുത്തിട്ടുണ്ടെന്ന് കേസ് രേഖകളിലുണ്ട്. പ്രകോപനപരമായി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയും വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.