കാന്‍പൂര്‍- ഉത്തര്‍ പ്രദേശിലെ കാന്‍പൂര്‍ ടൗണില്‍ 45കാരനായ മുസ്‌ലിം യുവാവിനെ ഹിന്ദുത്വ സംഘം മര്‍ദിച്ച് തെരുവിലൂടെ നടത്തിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, അമന്‍, രാജേഷ് എന്നിവരേയാണ് അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കാന്‍പൂര്‍ പോലീസ് ഓഫീസര്‍ ഡോ. അനില്‍ കുമാര്‍ അറിയിച്ചു. ഇവരുടെ അറസ്റ്റിനു പിന്നാലെ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ പിന്‍വാങ്ങി. പ്രതികളെ മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലെത്തുമെന്നും ഇവര്‍ ഭീഷണി മുഴക്കി.
റിക്ഷാ ഡ്രൈവറായ യുവാവിനെ കൊണ്ട് അക്രമികള്‍ ജയ് ശ്രീ റാം മുദ്രാവാക്യം വിളിപ്പിക്കുന്നതും പിതാവിനെ വെറുതെ വിടൂ എന്ന് അലക്കരയുന്ന പിഞ്ചു മകളുടേയും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അക്രമികള്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പേലീസില്‍ ഏല്‍പ്പിച്ചു. പോലീസ് കസറ്റഡിയിലിരക്കെ അക്രമികള്‍ യുവാവിനെ മർദിക്കുന്ന ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടാണ് സംഭവം.
തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദള്‍ യോഗം ചേര്‍ന്ന സ്ഥലത്തിനും 500 മീറ്റര്‍ അകലെയാണ് യുവാവ് ആക്രമിക്കപ്പെട്ടത്. ഇവിടെ ഒരു മുസ്‌ലിം കുടുംബം ഒരു ഹിന്ദു പെണ്‍കുട്ടിയെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്. ഇവരുടെ യോഗം അവസാനിച്ചതിനു പിന്നാലെയാണ് യുവാവിനെ പിടികൂടി മര്‍ദിച്ചത്. മര്‍ദനത്തിന് ഇരയായ യുവാവിന്റെ പരാതിയില്‍ പ്രദേശവാസിയായ ഒരു വിവാഹ ബാന്‍ഡ് നടത്തിപ്പുകാരനേയും മകനേയും മറ്റ് 10 പേരേയും പ്രതിചേര്‍ത്ത് കലാപമുണ്ടാക്കിയ കുറ്റത്തിന് പോലീസ് കേസെടുത്തു. പ്രതികള്‍ ബജ്‌രംഗ് ദളുമായി ബന്ധമുള്ളവരാണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തന്റെ ഇ-റിക്ഷയുമായി പോകുന്നതിനിടെയാണ് അക്രമികള്‍ പിടികൂടി മര്‍ദിച്ചതെന്ന് യുവാവ് പറയുന്നു. തന്നേയും കുടുംബത്തേയും കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പാലീസ് എത്തിയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
പ്രദേശത്ത് ഒരു മുസ് ലിം കുടുംബവും ഹിന്ദു കുടുംബവും തമ്മില്‍ നിയമ പോര് നടക്കുന്നുണ്ട്. ഇരു കൂട്ടരും പരസ്പരം പോലീസില്‍ കേസ് നല്‍കിയിരുന്നു. ഈ മുസ്‌ലിം കുടുംബം മര്‍ദനത്തിനിരയായ യുവാവിന്റെ ബന്ധുക്കളാണ്. തങ്ങള്‍ക്ക് ഭീഷണി ഉണ്ടെന്ന് കാണിച്ച് പരാതി മുസ്ലിം കുടുംബാണ് ആദ്യം നല്‍കിയത്. ഇതിനു പിന്നാലെ സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ഉദ്ദേശിച്ച് ആക്രമണം നടത്തിയെന്ന ആരോപണവുമായി ഹിന്ദു കുടുംബവും പരാതി നല്‍കി. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഈ പോരില്‍ ഈയിടെ ബജ്‌രംഗ് ദള്‍ ഇടപെടുകയും മുസ് ലിം കുടുംബത്തിനെതിരെ നിര്‍ബന്ധിത മതംമാറ്റ ആരോപണം ഉന്നയിക്കുകയുമായിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്.