കാബൂള്‍- അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചടക്കിയതായി താലിബാന്‍ ഭീകരര്‍ അവകാശപ്പെട്ടു. കാണ്ഡഹാറിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തുവെന്നാണ് താലിബാന്‍ വക്താവ് ഒരു ട്വീറ്റിലൂടെ അറിയിച്ചത്. ഇത് പ്രദേശ വാസികളും ശരിവച്ചതായി എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ നഗരം കീഴടക്കിയതോടെ അഫ്ഗാന്‍ സേന കൂട്ടത്തോടെ നഗരത്തിനു പുറത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് പിന്‍വാങ്ങിയതായും റിപോര്‍ട്ടുണ്ട്.
കാണ്ഡഹാര്‍ കൂടി താലിബാന്‍ നിയന്ത്രണത്തിലായതോടെ രാജ്യത്ത് ഇനി തലസ്ഥാന നഗരമായ കാബൂളും ഏതാനും സമീപ പ്രദേശങ്ങളും മാത്രമെ ഔദ്യോഗിക അഫ്ഗാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ബാക്കിയുള്ളൂ. രാജ്യത്തിന്റെ ഭൂരിഭാഗവും ഫലത്തില്‍ താലിബാന്‍ നിയന്ത്രണത്തിലായി. കഴിഞ്ഞ എട്ടു ദിവസമായി താലിബാന്‍ നഗര കേന്ദ്രങ്ങളെ ഉന്നമിട്ട് വന്‍ ആക്രമണവും കടന്നുകയറ്റവുമാണ് നടത്തിവരുന്നത്. ഇത് അഫ്ഗാന്‍ സര്‍ക്കാരിനേയും യുഎസിനെ പിന്തുണയ്ക്കുന്നവരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒരു മാസത്തിനകം അമേരിക്കന്‍ സേനയുടേയും സഖ്യസേനയുടേയും പിന്മാറ്റം പൂര്‍ണമാകും. ഇതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിശ്ചയിച്ച സമയപരിധി സെപ്തംബര്‍ 11 ആണ്.