ന്യൂദല്‍ഹി-എളമരം കരീ എംപി കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായ രാജ്യസഭ മാര്‍ഷല്‍മാര്‍. രാജ്യസഭാ അധ്യക്ഷനാണ് രണ്ട് മാര്‍ഷല്‍മാര്‍ പരാതി നല്‍കിയത്. കഴുത്തിന് പിടിച്ചു ഞെരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാതിയുണ്ട്.കൂടാതെ രാജ്യസഭ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിലും ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുണ്ട്. എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി അവിടെ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പറുകള്‍ വലിച്ചെറിഞ്ഞു. അതോടൊപ്പം എളമരം കരീം സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിക്കുകയും അവരെ മര്‍ദ്ദിക്കാനുള്ള ശ്രമം നടത്തുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ രണ്ടു എംപിമാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്നും അവര്‍ക്ക് പരുക്കേറ്റെന്നും പരാമര്‍ശമുണ്ട്.ഗുരുതുര ആരോപണങ്ങള്‍ നിലനില്‍ക്കെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ കണ്ടു. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഈ മാസം 9നാണ് സഭയിലെ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കിയ രീതിക്കെതിരെ പ്രതിപക്ഷം വെങ്കയ്യ നായിഡുവിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ എംപിമാര്‍ മാര്‍ഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
കോണ്‍ഗ്രസിന്റെ രണ്ടു എംപിമാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്നും അവര്‍ക്ക് പരുക്കേറ്റെന്നും രാജ്യസഭ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതോടൊപ്പം വിവിധ എംപിമാര്‍ സഭാ നടപടികള്‍ നിരന്തരം തടസ്സപ്പെടുത്തുന്ന തരത്തിലേക്കു നീങ്ങുകയും ഒരു എംപി പ്രതിഷേധത്തിന്റെ ഭാഗമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും പിന്നീട് മേശപ്പുറത്ത് കയറിനിന്ന് ചെയറിനു നേരെ റൂള്‍ ബുക്ക് എറിയുകയും ചെയ്തു. ഇതിന്റെ വിഡിയോ തൃണമൂല്‍ എംപിയായ ഡെറിക് ഒബ്രിയാന്‍ ചിത്രീകരിക്കുകയും അത് ട്വീറ്റ് ചെയ്യുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.