ജയ്പൂര്‍- സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രം 'പദ്മാവത്' റിലീസ് ചെയ്യുന്നതിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ സൈനികരോടും ആഹ്വാനം. പ്രതിഷേധ സൂചകമായി ഒരു ദിവസത്തെ ഭക്ഷണം ബഹിഷ്‌കരിക്കാനാണ് കരസേനയിലെ ക്ഷത്രിയ ഭടന്മാരോട് രജപുത് കര്‍ണി സേന ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ അതിര്‍ത്തിയും അഭിമാനവും കാത്തുസംരക്ഷിക്കുന്ന സൈനികരും റാണ് പദ്മിനിയുടെ അഭിമാനം സംരക്ഷിക്കാന്‍ രംഗത്തുവരണമെന്ന് രജപുത് കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിംഗ് മക്രണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു ദിവസം മെസ്സിലെ ഭക്ഷണം ബഹിഷ്‌കരിച്ചിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊള്ളുന്നില്ലെങ്കില്‍ ഒരു ദിവസം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം പറഞ്ഞു. രജപുത്ര സമുദായത്തിന്റെ വികാരം കണക്കിലെടുക്കാന്‍ ആരും തയറാകുന്നില്ലെന്നും അവര്‍ക്കിടയില്‍ രാജ്യത്തെമ്പാടും രോഷം പുകയുകയാണെന്നും മക്രണ അവകാശപ്പെട്ടു.
സൈനികര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന ആഹ്വാനം രാജ്യദ്രോഹമാകില്ലേ എന്ന ചോദ്യത്തിന് സമാധാനപരമായി ആയുധം താഴെവെക്കാനാണ് ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു മക്രണയുടെ മറുപടി.
റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കയാണ് രജ്പുത് കര്‍ണിസേന. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നും നഷ്ടം സഹിക്കാന്‍ ഉടമകള്‍ തയാറാകണമെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിംഗ് മുന്നറിയിപ്പു നല്‍കി.
സിനിമ രജപുത്ര പൈതൃകത്തെ കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണു പ്രതിഷേധം. കഴിഞ്ഞദിവസം പലയിടത്തും തിയേറ്ററുകള്‍ നശിപ്പിച്ചിരുന്നു. ഗുജറാത്തിലെ തിയേറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാവില്ലെന്ന് ലോകേന്ദ്ര പറഞ്ഞു. ബന്ദ് ശക്തമാക്കാന്‍ താന്‍ മുഴുവന്‍ സമയവും മുംബൈയിലുണ്ടാകുമെന്നും നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നായിക ദീപിക പദുകോണ്‍ എന്നിവര്‍ക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചിരുന്ന ലോകേന്ദ്ര പറഞ്ഞു.
സുപ്രീം കോടതി ഉത്തരവുകള്‍ വെല്ലുവിളിച്ചുകൊണ്ടാണ് സിനിമക്കെതിരായ പ്രഖ്യാപനങ്ങള്‍ കര്‍ണി സേന തുടരുന്നത്. നാലു സംസ്ഥാനങ്ങളില്‍ 'പദ്മാവത്' സിനിമ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരവിനുപിന്നാലെ, സിനിമ രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുമെന്ന് ആരോപിച്ച് എം.എല്‍.ശര്‍മ നല്‍കിയ പൊതുതാല്‍പര്യ ഹരജിയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.
സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം നിരോധിക്കാന്‍ സാധ്യമല്ലെന്നു പറഞ്ഞാണു രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയത്.