ടോക്കിയോ- വടക്കന്‍ ജപാന്‍ തീരത്തെ ഒരു തുറമുഖത്ത് എണ്ണ കയറ്റി വന്ന ചരക്കു കപ്പല്‍ പിളര്‍ന്ന് രണ്ട് ഭാഗങ്ങളായി വേര്‍പ്പിരിഞ്ഞു. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് ചോര്‍ന്ന എണ്ണ കടലില്‍ പരക്കുന്നുണ്ട്. ഇത് തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജപാന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. എന്‍.വൈ.കെ ലൈന്‍ എന്ന കമ്പനിയുടെ ക്രിംസണ്‍ പോളാരിസ് കപ്പലാണ് തകര്‍ന്നത്. കപ്പലില്‍ ഉണ്ടായിരുന്ന 21 ചൈനീസ്, ഫിലിപ്പിനോ ജീവനക്കാരെ രക്ഷപ്പെടുത്തി. കപ്പലിന്റെ മുറിഞ്ഞ ഒരു ഭാഗം തീരത്തു നിന്നും നാലു കിലോമീറ്റര്‍ ദൂരംവരെ പിടിവിട്ടുപോയി.
ഹാചിനോഹി തുറമുഖത്തെത്തിയ കപ്പല്‍ ബുധനാഴ്ച കടല്‍ത്തട്ടില്‍ ഇടിച്ച് കുടുങ്ങിയിരുന്നു. പിന്നീട് കപ്പലിനെ വിജയകരമായി കടല്‍ത്തിട്ടയില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ കപ്പലില്‍ വിള്ളലുണ്ടായി. ഇത് വികസിച്ചാണ് വ്യാഴാഴ്ച കപ്പല്‍ പിളര്‍ന്നത്. അപകടത്തില്‍ എത്രത്തോളം എണ്ണ കടലില്‍ പരന്നു എന്ന് പരിശോധിച്ചു വരികയാണ്.